ചെങ്ങന്നൂർ : ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ ആൽത്തറ ജംഗ്ഷനിലെ ഗവ.ബോയ്‌സ് ഹൈസ്‌കൂളിലേക്ക് മാറ്റി സ്ഥാപിക്കുന്നു. ആശുപത്രിയുടെ പ്രവർത്തനം നിറുത്തിവച്ചാണ് ആശുപത്രി മാറ്റം ആരംഭിക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഒ.പി വിഭാഗം രണ്ടാഴ്ചത്തേക്ക് പ്രവർത്തിക്കില്ലെന്ന് സൂപ്രണ്ട് അറിയിച്ചു. അത്യാഹിതവിഭാഗം, ക്ലിനിക്കൽലബോറട്ടറി, എക്‌സറേ എന്നിവയും പ്രവർത്തിക്കില്ല. കുട്ടികളുടെ വാർഡ്, സ്ത്രീകൾക്കായുള്ള വാർഡ്, പ്രസവവാർഡ് എന്നിവ മുടക്കമില്ലാതെ പ്രവർത്തിക്കും. ഓഫീസ് പ്രവർത്തനം, മെഡിക്കൽ റിപ്പോർട്ട് ലൈബ്രറി, ഫാർമസി എന്നിവ സ്‌കൂളിലേക്ക് മാറ്റും. ഫർണിച്ചറുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എല്ലാം തന്നെ പഴയ സ്ഥലത്തു നിന്നും കൊണ്ടുവരും. രണ്ടാഴ്ചക്കകം പതിനഞ്ചോളം വിഭാഗം പൂർണമായും ബോയ്‌സ് സ്‌കൂളിലെ കെട്ടിട സമുച്ചയത്തിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്രവ പരിശോധന പഴയ കെട്ടിടം പൊളിക്കുന്ന ദിവസം വരെയുണ്ടാകുമെന്നും കൊവിഡ് വാക്‌സിനേഷൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു.