ചെങ്ങന്നൂർ: ലൈസൻസ് ഇല്ലാത്ത പെട്രോൾ പമ്പുകൾക്കെതിരെ ചെങ്ങന്നൂർ നഗരസഭ നടപടി സ്വീകരിക്കുന്നു. നഗരസഭ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിശ്ചിത സമയത്തിനുളള ലൈസൻസ് പുതുക്കാത്ത ആറ് പെട്രോൾ പമ്പുകൾ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ പമ്പുകൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും കളക്ടർക്ക് റിപ്പോർട്ട് നൽകിയെന്നും നഗരസഭ സെക്രട്ടറി എസ്.നാരായണൻ പറഞ്ഞു. 15 ദിവസത്തിനകം പിഴ അടച്ച് ലൈസൻസ് പുതുക്കിയില്ലെങ്കിൽ പമ്പുകൾ അടച്ചുപൂട്ടുന്ന നടപടി അടക്കം സ്വീകരിക്കും. നഗരസഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളിൽ അത്യാഹിതം ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അതിനാൽ ലൈസൻസ് പുതുക്കാതെ പമ്പ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.