ചെങ്ങന്നൂർ: നഗരസഭ സ്വകാര്യ ബസ് സ്റ്റാന്റിനോട് ചേർന്ന മതിൽ നഗരസഭ പുനർനിർമ്മിച്ചു. മതിൽ പൊളിച്ച് സ്വകാര്യ വ്യക്തി വഴി നിർമ്മിച്ചത് വിവാദമായിരുന്നു. നഗരസഭാ കൗൺസിലർ രാജൻ കണ്ണാട്ടിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ അതിർത്തിയിൽ ഉണ്ടായിരുന്ന മതിൽ പൊളിച്ചതാണ് വിവാദമായത്. സംഭവത്തിൽ പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മതിൽ പുനർനിർമിക്കാൻ എസ്റ്റിമേറ്റ് എടുക്കാനെത്തിയ സംഘത്തിലെ നഗരസഭ താൽക്കാലിക ജീവനക്കാരൻ നിധിൻ ജോർജിന് മർദ്ധനമേറ്റിരുന്നു. വിഷയത്തിൽ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് നഗരസഭ സെക്രട്ടറി പരാതി നൽകിയിരുന്നു. എന്നാൽ സെക്രട്ടറിയുടെ ആരോപണം വൈരാഗ്യ ബുദ്ധിയോടെയാണെന്ന് രാജൻ കണ്ണാട്ടിന്റെ ആരോപണം. ഇതിനിടെയാണ് ജില്ലാ ഗവ.പ്ലീഡറുടെ നിയമോപദേശം തേടിയശേഷം നഗരസഭ ഇന്നലെ മതിൽ പുനർനിർമ്മിച്ചത്. പൊലീസ് സഹായവും തേടിയിരുന്നു. മതിലിന്റെ പുനർനിർമ്മാണം രാജൻ കണ്ണാട്ട്, മകൻ മാത്യു കെ തോമസ്, 13ാം വാർഡ് കൗൺസിലർ ശരത്ചന്ദ്രൻ എന്നിവർ ചേർന്നു തടസപ്പെടുത്തിയതായി ആരോപിച്ച് നഗരസഭാ സെക്രട്ടറി എസ്.നാരായണൻ പൊലീസിൽ പരാതി നൽകി. ഇക്കാര്യത്തിൽ കോടതി ഉത്തരവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പൊലീസിനെ രേഖാമൂലം അറിയിച്ചു. മതിൽ പുനർ നിർമ്മിക്കാൻ ചെലവായ തുക വസ്തു ഉടമയിൽ നിന്ന് ഈടാക്കുമെന്നും വ്യക്തമാക്കി. മുൻസിഫ് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും ഇത്തരം വിഷയങ്ങൾ കൗൺസിലിൽ അജൻഡ വയ്ക്കുകയോ ചർച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്യരുതെന്ന് മുൻസിപ്പൽ ആക്ടിൽ പറയന്നുണ്ടെന്നും നഗരസഭാ കൗൺസിലർ രാജൻ കണ്ണാട്ട് പ്രതികരിച്ചു.