ആറന്മുള: ജലവിതരണ പൈപ്പ് ലൈൻ പൊട്ടിയിട്ട് ഒന്നര മാസം. നന്നാക്കാൻ നടപടിയില്ലാതെ അധികൃതർ. പരാതി നൽകി മടുത്ത് നാട്ടുകാരും വീട്ടുകാരും. ആറന്മുള പഞ്ചായത്തിൽ തിരക്കേറിയ കോഴഞ്ചേരി- ചെങ്ങന്നൂർ റോഡിൽ തറയിൽമുക്ക് ജംഗ്ഷനിലാണ് പൈപ്പുലൈൻ തകർന്നുള്ള വെള്ളക്കെട്ട് യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. മഠത്തുംപടിക്കൽ അപ്പുക്കുട്ടൻ നായരുടെ വീട്ടുപടിക്കൽ നിന്നാണ് ജല വിതരണ ലൈനിൽ നിന്നുള്ള തകർച്ച യാത്രക്കാർക്ക് ദുരിതമായിരിക്കുന്നത്. പൈപ്പ് തകർന്നതിനെ തുടർന്നുള്ള വെള്ളം ജംഗ്ഷനിലെ റോഡരികിൽ ഇപ്പോൾ നിറഞ്ഞു കിടക്കുകയാണ്. ഇതു കാരണം ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെയുള്ളവർ വാഹനം റോഡരികിൽ നിറുത്തി കടകളിൽ കയറി സാധനങ്ങൾ വാങ്ങാൻ മടിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. ഇതു കാരണം വ്യാപാരികൾക്കും കച്ചവടം നഷ്ടമാകുന്നുണ്ട്. പൈപ്പുലൈൻ തകർച്ച പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളും ജല അതോറിറ്റിക്ക് ഇന്നലെ പരാതി നൽകി.