തിരുവല്ല: വേനൽമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ പെരുന്തുരുത്തി തെക്ക് പാടശേഖരത്തിലെ നിലം പതിച്ച നെല്ല് വീണ്ടും കിളിർത്തു. കൊയ്ത്ത് നടത്താനിരിക്കെ കനത്ത വേനൽ മഴയെ തുടർന്ന് വെള്ളം കെട്ടി നിന്ന നെൽച്ചെടികൾ കഴിഞ്ഞിടെ നിലം പതിച്ചിരുന്നു. വീണു കിടന്ന നെല്ല് ഈർപ്പം തട്ടിയതോടെയാണ് ഇപ്പോൾ പാടത്താകെ കൂട്ടംകൂടി കിളിർത്തു നിൽക്കുന്നത്. പെരിങ്ങര പഞ്ചായത്തിന്റെ നാലാം വാർഡിൽ വടക്കേ അറ്റത്തെ പാടത്താണ് 35 ഏക്കറോളം സ്ഥലത്തെ വിളവെടുക്കാറായ നെല്ലാണ് ആദ്യം നശിച്ചത്. കഴിഞ്ഞയാഴ്ച കൊയ്ത്ത് നടത്താനിരിക്കെയാണ് തുടർച്ചയായി പെയ്ത വേനൽമഴ ചതിച്ചത്. ഇവിടെ കൃഷിയിറക്കിയ പത്തിലധികം കർഷകർക്കാണ് നഷ്ടം സംഭവിച്ചത്.
ഇതുകാരണം ഇത്തവണ കൊയ്ത്ത് നടത്താനാകുമോയെന്ന ആശങ്കയിലാണ് കർഷകർ. വെള്ളം വറ്റാത്തതിനാൽ പാടത്തേക്ക് കൊയ്ത്ത് മെഷീനും ഇറക്കാൻ സാധിക്കില്ല. ജ്യോതി വിത്താണ് ഇവിടെ കൃഷിയിറക്കിയത്. തൊഴിലാളികളെ കിട്ടാത്തതിനാൽ കൊയ്തെടുക്കാനും കഴിയില്ല. കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ ദുരിതം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും കർഷകർ പരാതിപ്പെട്ടു. മഴ മാറിയാൽ മോട്ടോർ ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന വെള്ളം വറ്റിക്കാനുള്ള നടപടികൾ കർഷകർ തുടങ്ങിയിട്ടുണ്ട്.
-ദുരിതം അറിയിച്ചിട്ടും കൃഷി വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി
-പാടത്തേക്ക് കൊയ്ത്ത് മെഷീനും ഇറക്കാൻ സാധിക്കുന്നില്ല
- കഴിഞ്ഞ ആഴ്ച കൊയ്ത്ത് നടത്താനിരുന്ന പാടം
-നിരവധി കർഷകർക്ക് നഷ്ടം