പന്തളം: കുടുംബശ്രീ ജില്ലാ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ തെരുവ് നായ്ക്കളെ വന്ധീകരണ ശസ്ത്രക്രിയക്കായി കുടുംബശ്രീ എ.ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവുനായ്ക്കളെ പിടികൂടി. പന്തളം നഗരസഭയിലെ കടയ്ക്കാട്, ഉളമയിൽ, എം.എം.ജംഗ്ഷൻ, തോന്നല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നായ്ക്കളെ പിടികൂടിയത്. 2017ൽ കൊടുമൺ മൃഗാശുപത്രിയിൽ ആരംഭിച്ച പദ്ധതിയാണിത്. പിടിക്കുന്ന നായ്ക്കളെ പേവിഷ ബാധയ്ക്ക് എതിരെയുള്ള കുത്തിവെയ്പ്പ് എടുത്ത ശേഷം തിരുവല്ല കടപ്രയിലുള്ള മൃഗാശുപത്രിയിലെത്തിക്കും. അവിടെ ഒരാഴ്ച നിരീക്ഷണം നടത്തിയ ശേഷം വന്ധീകരണം നടത്തിയ നായ്ക്കളെ പിടികൂടിയ സ്ഥലത്ത് തിരികെ എത്തിക്കും. വന്ധീകരണം നടത്തുന്ന നായ്ക്കളെ ചെവിയിൽ പ്രത്യേകം ഇംഗ്ലീഷ് അക്ഷരാമാലക്രമത്തിൽ അടയാളം രേഖപ്പെടുത്തിയാണ് തിരിച്ച് അതാത് സ്ഥലത്ത് എത്തിക്കുന്നത്. 25 അംഗങ്ങൾ അഞ്ച് ഗ്രൂപ്പായി തിരിഞ്ഞാണ് നായ്കളെ പിടിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പന്തളം പ്രദേശത്ത് പതിനഞ്ചോളം ആളുകളെ പേപ്പട്ടികൾ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.