ellu

പത്തനംതിട്ട: തരിശായിരുന്ന മുണ്ടകൻ പാടം കാൽ നൂറ്റാണ്ട് പഴക്കമുള്ള തന്റെ ഭൂതകാലം മറക്കുകയാണ്. ഇന്ന് എള്ളു പൂത്ത നൂറുമേനിയോടെ വിളവെടുപ്പിന് കാത്തിരിക്കുകയാണിവിടം. പത്തനംതിട്ട നരിയാപുരം സ്വദേശി ചാങ്ങാട്ടയ്യത്ത് വീട്ടിൽ രാമചന്ദ്രൻ നായരാണ് (58) ഈ വിപ്ലവ മാറ്റത്തിന്റെ ആണിക്കല്ല്.

തന്റെ വീടിന് സമീപം തരിശായി കിടന്ന മൂന്നര ഏക്കർ പാട്ടത്തിനെടുത്താണ് രാമചന്ദ്രൻ നായർ കൃഷിയിറക്കിയത്. ലാഭമുള്ളത് കൊണ്ടാണ് കൃഷിചെയ്യാൻ എള്ളിനെ തിരഞ്ഞെടുത്തത്.

വാഴയും ചേമ്പും ചേനയുമെല്ലാം കൃഷിചെയ്തിട്ടുണ്ടെങ്കിലും എള്ള് ആദ്യമായിരുന്നു. വള്ളിക്കോട് കൃഷി ഓഫീസർ രഞ്ജിത്തിന്റെ പ്രോത്സാനവും സഹായവുമെത്തിയതോടെ ആവേശം ഇരട്ടിച്ചു. ഒപ്പം പുല്ലാട് കൃഷി വിജ്ഞാൻ കേന്ദ്രവും സഹായിച്ചു. 35,000 രൂപയായിരുന്നു ആകെ ചെലവ്. ഒരു ലക്ഷം രൂപ ലാഭം കിട്ടും. തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് കൃഷിക്കുള്ള 'ടി.എം.പി 4" എന്ന വിത്ത് കൃഷി ഭവൻ വാങ്ങി നൽകുന്നത്. മൂന്ന് മാസം കൊണ്ട് വിളവെടുക്കാവുന്ന കൃഷിയാണിത്. വിപണിയിൽ കിലോയ്‌ക്ക് വില 400 രൂപ ലഭിക്കും. കായംകുളത്താണ് എള്ളിന്റെ ഹോൾസെയിൽ വിപണിയുള്ളത്. തമിഴ്നാട്ടിലാണ് ആവശ്യക്കാർ കൂടുതൽ.

 സൗജന്യം അനുഗ്രഹമായി

തരിശ് ഭൂമിയിലെ കൃഷിയായതാനിൽ വളവും സൗജന്യമായിരുന്നു. സബ്സിഡിയും ലഭിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ കൃഷിയിറക്കാൻ മടിച്ചിരുന്നു. എന്നാൽ കൃഷി ഓഫീസർ പിന്തുണച്ചതോടെ കൃഷിയിറക്കി. കഴിഞ്ഞ ദിവസത്തെ മഴയിൽ കുറച്ച് കൃഷി നശിച്ചു. എങ്കിലും ആദ്യത്തെ വിളവെടുപ്പ് കേമമാക്കാനുള്ള തയാറെടുപ്പിലാണ് രാമചന്ദ്രൻ. പതിമ്മൂന്നാമത്തെ വയസ് മുതൽ കൃഷി ചെയ്യുന്ന ആളാണ് രാമചന്ദ്രൻ. ഓട്ടോറിക്ഷാ ഡ്രൈവറായ രാമചന്ദ്രൻ കോഴി ഫാമും നടത്തുന്നുണ്ട്. ഭാര്യ ജയയും കൃഷി ചെയ്യാൻ ഒപ്പമുണ്ട്. ഏക മകൻ അനൂപ് നായർ ചെന്നൈയിൽ സയന്റിസ്റ്റാണ്.

'ഇടക്കാല കൃഷിയായി എള്ള് കൃഷി ചെയ്യാറുണ്ട്. മണ്ണ് ഫലഭൂയിഷ്ഠമായി കിടക്കുമെന്നതാണ് മേന്മ. ഫംഗസും കളയും പോലുള്ള പ്രശ്നങ്ങൾ കുറവായിരിക്കും. ടെക്നോളജി മിഷൻ ഓൺ ഓയിൽ സീഡ് എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം കൃഷി ഭവനും കൃഷി വിജ്ഞാൻ കേന്ദ്രയും കൂടിയാണ് ഇങ്ങനൊരു കൃഷിക്ക് സഹായിച്ചത്".

- രഞ്ജിത്ത് കുമാർ, വള്ളിക്കോട് കൃഷി ഓഫീസർ