പത്തനംതിട്ട : ജില്ലയിൽ 45 വയസിന് മുകളിലുള്ള എല്ലാവർക്കും എത്രയും വേഗം കൊവിഡ് വാക്സിൻ എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു. ജനങ്ങൾക്കിടയിൽ കൊവിഡ് ബോധവത്കരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 14 തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായി അടൂർ റവന്യൂ ടവറിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
ചിലയിടങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പരിശോധനാ കാമ്പയിൻ പ്രയോജനപ്പെടുത്തണം. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണമുള്ളവരും സമ്പർക്കത്തിലുള്ളവരും നിർബന്ധമായും ടെസ്റ്റ് ചെയ്യണം. ഇവർ ക്വാറന്റൈനിലാണെന്ന് വാർഡ്തല കമ്മിറ്റികൾ ഉറപ്പുവരുത്തണം. വാക്‌സിനേഷൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമല്ല മറ്റു സെന്ററുകളിലും നടത്താം. ഇങ്ങനെ നടത്തിയാൽ കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ വാക്‌സിൻ നൽകുവാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു.
ഒന്നിൽ കൂടുതൽ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചാൽ വാക്‌സിനേഷൻ വ്യാപകമാക്കാൻ സാധിക്കും.
കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരും. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സെക്ടറൽ ഓഫീസർമാരുടെ സഹായം ഉറപ്പുവരുത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ സെക്ടറൽ ഓഫീസർമാരുടെ നിരീക്ഷണം ശക്തമാക്കുമെന്നും ആൾക്കൂട്ടം നിയന്ത്രിക്കുമെന്നും കളക്ടർ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പഞ്ചായത്തുകളിൽ വാക്‌സിനേഷൻ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനേഷൻ വർദ്ധിപ്പിച്ച് പരിശോധനയും നടത്തും.
ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ ആർ.ഐ.ജ്യോതിലക്ഷ്മി, ആർ.സി.എച്ച് ഓഫീസർ ഡോ.സന്തോഷ് കുമാർ, അടൂർ തഹസീൽദാർ സന്തോഷ് കുമാർ, അടൂർ എൽ.ആർ തഹസീൽദാർ ഷാജഹാൻ റാവുത്തർ, പഞ്ചായത്ത് പ്രസിഡന്റുമാർ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ 40 വയസിന് താഴെയുള്ളവർക്കാണ് രോഗം കണ്ടുവരുന്നത്. ഇത്തരത്തിൽ തുടരുകയാണെങ്കിൽ മരണനിരക്ക് ഉയരാനുള്ള സാദ്ധ്യതയുണ്ട്. എല്ലാവരും ടെസ്റ്റിന് വിധേയരാകണം.
ഡോ. എ.എൽ.ഷീജ,
ജില്ലാ മെഡിക്കൽ ഒാഫീസർ
വാക്ക് വിത്ത് വാക്‌സിൻ കാമ്പയിന് തുടക്കമായി
പത്തനംതിട്ട : കൊവിഡ് രണ്ടാം തരംഗത്തിന്റെ ഗതിവേഗം കുറയ്ക്കുവാനും കൊവിഡ് വ്യാപനം തടയുന്നതിനുമായി കുടുംബശ്രീ ത്രിതല സംഘടന സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ആരോഗ്യ വകുപ്പുമായും സഹകരിച്ച് വാക്ക് വിത്ത് വാക്‌സിൻ കാമ്പയിൻ ആരംഭിച്ചു. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലും 45 വയസിന് മുകളിൽ വാക്‌സിനേഷൻ എടുക്കാത്ത മുഴുവൻ വ്യക്തികളുടെയും വിവര ശേഖരണം നടത്തുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കാമ്പയിനാണിത്.
കാമ്പയിന്റെ ഭാഗമായി 45 വയസിന് മുകളിൽ പ്രായമുള്ളതും നാളിതുവരെ വാക്‌സിനെടുക്കാത്തതുമായ മുഴുവൻ ആളുകളുടെയും പേര്, അഡ്രസ്, തദ്ദേശ ഭരണസ്ഥാപനം, വാർഡ്, ആധാർ നമ്പർ, ആധാറുമായി ലിങ്ക്‌ചെയ്ത ഫോൺ നമ്പർ, ഓപ്ഷണൽ ഫോൺ നമ്പർ എന്നീ വിവരങ്ങൾ ശേഖരിക്കും. വിവരങ്ങൾ അതാത് ആരോഗ്യകേന്ദ്രത്തിനും ജില്ലാ ആരോഗ്യ കേന്ദ്രത്തിനും ജില്ലാ ഭരണകൂടത്തിനും കൈമാറുകയും തുടർ നടപടിക്ക് പിന്തുണാ സഹായങ്ങൾ നൽകുന്നതിനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
പരിശോധനാ കാമ്പയിൻ;
ആദ്യദിനം 7809 പേർ പരിശോധിച്ചു
കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ദ്വിദിന കൊവിഡ് പരിശോധനാ കാമ്പയിനിൽ ആദ്യ ദിവസം പരിശോധനയ്‌ക്കെത്തിയത് 7809 പേർ. ഇതിൽ 5102 പേർ സർക്കാർ പരിശോധനാ കേന്ദ്രങ്ങളിലും 2707 പേർ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലും പരിശോധന നടത്തി. ഇന്നലെയും ഇന്നുമായി 10,000 പരിശോധനകൾ നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുളളത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ, പോളിംഗ് ഉദ്യോഗസ്ഥർ, ബൂത്ത് ഏജന്റുമാർ, രോഗലക്ഷണങ്ങൾ സംശയിക്കുന്നവർ തുടങ്ങിയവർക്കാണ് പ്രധാനമായും പരിശോധനാ കാമ്പയിൻ സംഘടിപ്പിച്ചതെങ്കിലും ഈ വിഭാഗത്തിൽ നിന്നും പരിശോധനയ്ക്ക് എത്തിയവരുടെ എണ്ണം വളരെ കുറവാണ്.