പത്തനംതിട്ട: നഗരത്തിൽ സെന്റ്പീറ്റേഴ്സ് ജംഗ്ഷനിലെ ഒാട ഒഴുക്കില്ലാതെ അടഞ്ഞതുകാരണം വലിയ വെള്ളക്കെട്ട്. തിരുവല്ല റോഡിൽ നിന്ന് വെട്ടിപ്രത്തേക്ക് തിരിയുന്നിടത്ത് താഴ്ചയുള്ള ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ഇന്നലത്തെ കനത്ത മഴയിൽ ഒാടയിൽ വെള്ളം കെട്ടിക്കിടന്ന് കടകളുടെ ഭാഗത്തേക്ക് ഒഴുകിക്കയറി. ബേക്കറി, വാഹന ഇൻഷുറൻസ് കമ്പനിയുടെ ഒാഫീസ്, എ.ടി.എം സെന്റർ എന്നിവിടങ്ങളിൽ മുട്ടോളം വെള്ളം പൊങ്ങി. സമീപത്തെ ഫ്ളാറ്റിന്റെ പാർക്കിംഗ് ഏരിയയിലും വെള്ളം കയറി. ഒാടയിൽ കെട്ടിക്കിടന്ന ചെളിയും മാലിന്യങ്ങളും വെള്ളത്തോടൊപ്പം ഒഴുകിപ്പരന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഒാട‌യുടെ സ്ളാബ് നീക്കി മാലിന്യം കുത്തിക്കളഞ്ഞതോടെയാണ് ഒഴുക്ക് സുഗമമായത്. വേനൽ മഴ പെയ്ത് തുടങ്ങിയപ്പോൾ ഒാടയിലെ മാലിന്യവും മണ്ണും നീക്കി ഒഴുക്ക് സുഗമമാക്കാൻ നടപടിയുണ്ടാകാതിരുന്നതാണ് പ്രശ്നമായത്. വെള്ളം ഇറങ്ങിയെങ്കിലും ബേക്കറിയിലും എ.ടി.എം സെന്ററിലും ഒാഫീസുകളിലും അടിഞ്ഞ ചെളി നീക്കാൻ ശുചീകരണം നടത്തേണ്ടിവരും. ഒാട തെളിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാദ്ധ്യതയുണ്ട്.