തിരുവല്ല: തോട്ടഭാഗം - ചങ്ങനാശേരി റോഡിന്റെ നടപ്പാത കൈയേറി സ്വകാര്യ വ്യക്തി നടത്തിയ നിർമാണം അപകട ഭീഷണിയായി. ആഞ്ഞിലിത്താനം മിൽമ സൊസൈറ്റിക്ക് സമീപമാണിത്. റോഡിലെ നടപ്പാതയിൽ ചരിച്ച് കോൺക്രീറ്റ് ചെയ്തടച്ച് സ്വന്തം വീട്ടിലേക്ക് വഴി നിർമിച്ചിരിക്കുകയാണ്. വാഹനങ്ങൾ വരുമ്പോൾ റോഡിന് വശത്തേക്ക് മാറുന്ന കാൽനട യാത്രക്കാർക്ക് ഇത് ഭീഷണിയാണ്. നാട്ടുകാർ പരാതിപ്പെട്ടിട്ടും നിർമാണം പൂർത്തിയാക്കി. വലിയ വാഹനങ്ങളെ മറികടക്കുന്നതിനിടെ ഇവിടെ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം സ്വകാര്യ ബസിന് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.