17-koodal-anayadi-pipe

പള്ളിക്കൽ: എന്നു തീരും ആനയടി - കൂടൽ റോഡ് പണിയെന്ന ആശങ്കയിലാണ് യാത്രക്കാരും നാട്ടുകാരും . ടാറിംഗിനായി മെറ്റൽ നിരത്തിയിട്ട് പത്ത് മാസത്തിലേറെയായി. പൊടിതിന്ന് സഹികെട്ട സമീമവാസികൾ ഒടുവിൽ വീടിന്റെ ഉയരത്തിൽ നെറ്റ് കെട്ടി പ്രതിരോധിച്ചു തുടങ്ങി. വൈദ്യുതി പോസ്റ്റ് മാറ്റിയിടാത്തതും പൈപ്പ് ലൈൻ സ്ഥാപിക്കാത്തതുമാണ് ടാറിംഗ് വൈകാൻ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം. പള്ളിക്കൽ പഞ്ചായത്തോഫീസ് മുതൽ പഴകുളം വരെയുള്ള ഭാഗമാണ് വീതികൂട്ടി ടാറിംഗ് നടത്തുന്നത്. മെറ്റലും പാറപൊടിയും നിരത്തിയിട്ടുള്ളതിനാൽ പൊടിശല്യം രൂക്ഷമാണ്. വീതി കൂട്ടിയതിനാൽ വൈദ്യുതി പോസ്റ്റുകൾ പലയിടത്തും റോഡിന് നടുവിലാണ്. ആനയടി മുതൽ കൂടൽ വരെയുള്ള ഭാഗത്തെ വൈദ്യുതി പോസ്റ്റ് മാറ്റിയിടുന്നതിന് പൊതുമരാമത്ത് വകുപ്പ് 2.8 കോടി രൂപ വൈദ്യുതി ബോർഡിൽ അടച്ചിട്ടുണ്ട്. ഭാവിയിൽ റോഡ് വെട്ടിപൊളിക്കാതിരിക്കാൻ റോഡിനിരുവശവും കുടിവെള്ള പൈപ്പുലൈനുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായി റോഡിന്റെ ഒരു വശത്ത് പൈപ്പുകൾ ഇറക്കിവച്ചിട്ടുണ്ട്. ഓടകളുടെയും കലുങ്കിന്റെയും നിർമ്മാണം പൂർത്തിയായിട്ടില്ല. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണി തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമായി. നിർമാണം തുടങ്ങിയപ്പോൾ പൈപ്പ് പൊട്ടിയതിനാൽ മൂന്ന് വർഷമായി പള്ളിക്കൽ ഭാഗത്ത് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്.

ടാറിംഗിനായി നിരത്തിയ മെറ്റിൽ ഇളകി പലയിടത്തും കുഴി രൂപപ്പെട്ടു. ഓട്ടോറിക്ഷയിലും ടൂ വീലറിലും പോകുന്നവർ അപകടത്തിൽ പെടുന്നതും പതിവാണ്.

പണി മുടങ്ങിയിട്ട് 3 വർഷം,

വൈദ്യുതി പോസ്റ്റും കുടിവെള്ള പൈപ്പും മാറ്റി

സ്ഥാപിക്കാത്തത് പണികൾ തടസപ്പെടാൻ കാരണം