പത്തനംതിട്ട : ലോക്ക് ഡൗണിൽ പൂർണമായും കുരുക്കിലായ സ്വകാര്യ ബസുകാർ വീണ്ടും പ്രതിസന്ധിയിലാകുമോയെന്ന ഭയത്തിലാണ്. കൊവിഡ് വർദ്ധിച്ചതോടെ ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ പറ്റില്ലെന്ന സർക്കാരിന്റെ നിർദേശമാണ് ഇപ്പോൾ കുരുക്കാകുന്നത്. ജീവനക്കാർ ഇപ്പോഴും പ്രതിസന്ധിയിൽ നിന്ന് മോചിതരായിട്ടില്ല.
കഴിഞ്ഞ വർഷം മാർച്ച് 8ന് ജില്ലയിൽ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജനങ്ങൾ പുറത്തിറങ്ങാതായി. അതിന് ശേഷമാണ് ലോക്ക് ഡൗൺ പ്രഖ്യാപനം. വീണ്ടും കേസുകൾ വർദ്ധിച്ചതോടെ കർഫ്യൂ. ഇതോടെ പൂർണമായും ബസ് സർവീസ് നിറുത്തലാക്കി. ഉടമകളും തൊഴിലാളികളും ഒരു പോലെ ദുരിതത്തിലാവുകയായിരുന്നു. ഇതിനിടയിൽ ഇൻഷുറൻസും ടാക്‌സും അടയ്ക്കാൻ സാവകാശം നൽകിയെങ്കിലും അത് അടച്ച് തീർക്കാൻ വലിയ നഷ്ടം സഹിക്കേണ്ടി വരികയും ചെയ്തു. മുന്നൂറിലധികം ബസുകൾ ജി.ഫോം നൽകുകയും ചെയ്തു.
ജില്ലയിൽ സ്വകാര്യബസ് : 368 ,
ബസ് ഉടമകൾ : 120, ജീവനക്കാർ : 2000ൽ അധികം
" വീണ്ടും ഉടമകളേയും ജീവനക്കാരേയും പ്രതിസന്ധിയിലാക്കുന്ന നിർദേശമാണ്. ഇളവുകൾ വേണം. ഇപ്പോൾ ബസിൽ തിരക്ക് കുറവാണ്. നിർദേശങ്ങൾ കൂടിയാൽ വീണ്ടും ജീവനക്കാരും ഉടമകളും ദുരിതത്തിലാകും.
ലാലു മാത്യു
ബസ് ഉടമ