തിരുവല്ല: പെരിങ്ങര - കണ്ണാട്ടുകുഴി തോടിന്റെ നവീകരണം ആരംഭിച്ചെങ്കിലും ചെളിനീക്കം ഫലപ്രദമായില്ല. കാക്കപോളയും പായലും തിങ്ങിനിറഞ്ഞു നീരൊഴുക്ക് നിലച്ച പെരിങ്ങര - കണ്ണാട്ടുകുഴി തോട്ടിലെ ചെളിനീക്കം ഉൾപ്പെടെയുള്ള നവീകരണം ഒരുമാസമായി നടക്കുന്നുണ്ട്. തോട്ടിൽ നിന്നും ജെ.സി.ബിയുടെ സഹായത്തോടെയാണ് ചെളിയും എക്കലും വാരിനീക്കുന്നത്. എന്നാൽ വാരിനീക്കുന്ന ഈ ചെളിയും എക്കലുമെല്ലാം തോടിന്റെ അരികിൽ തന്നെ നിക്ഷേപിച്ചിരിക്കുകയാണ്. തോടിന്റെ വീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, മഴ കനത്ത് വെള്ളം പൊങ്ങുന്നതോടെ ഈ ചെളിയും എക്കലും വീണ്ടും തോട്ടിലേക്ക് തന്നെ വീഴുന്ന സ്ഥിതിയാണ്. കാവുംഭാഗം പാലത്തിന് സമീപത്തെ തോടിന്റെ വീതികൂടിയ ഭാഗത്ത് വൻതോതിലാണ് ഇങ്ങനെ ചെളിവാരിക്കൂട്ടി തോടിന്റെ വീതി കുറച്ചിരിക്കുന്നത്. ഇവിടെ നാലുവർഷം മുമ്പ് നീക്കിയ ചെളി വീണ്ടും ഇടിഞ്ഞുവീണ് തോടിന്റെ നടുക്ക് തുരുത്തുപോലെ രൂപപ്പെട്ടിരുന്നു. ഇപ്പോൾ വാരിക്കൂട്ടിയ ചെളിയും ഇവിടെനിന്നും മാറ്റിയില്ലെങ്കിൽ മുമ്പത്തെ സ്ഥിതി വീണ്ടും ആവർത്തിക്കും. ചെളി വീണ്ടും രൂപപ്പെടുന്നത് തോടിന്റെ സുഗമമായ നീരൊഴുക്കിനെയും സാരമായി ബാധിക്കും. പടിഞ്ഞാറൻ മേഖലയിൽ കൃഷിക്ക് ഉൾപ്പെടെ വെള്ളത്തിന് ആശ്രയിക്കുന്ന തോടാണിത്. 2018ലെ പ്രളയത്തിൽ അടിഞ്ഞുകൂടിയ എക്കൽ കാരണം മുൻവർഷങ്ങളിൽ തോട് വറ്റിവരണ്ട സ്ഥിതിയുണ്ടായി. കൂടാതെ പലയിടത്തും തോട്ടിലേക്ക് മുളയും മറ്റും മറിഞ്ഞു വീണു കിടക്കുന്നതിനാൽ വള്ളത്തിന് പോലും കടന്നുപോകാൻ ബുദ്ധിമുട്ടാണ്. മത്സ്യബന്ധനത്തിനായി സ്ഥാപിച്ച പെരുംകൂടുകളും തോട്ടിലെ നീരൊഴുക്ക് തടസപ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. തോട്ടിൽ നിന്നും വാരിയെടുത്ത ചെളിയും എക്കലും ഇവിടെനിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
കൽപ്പടവുകൾ നിർമിക്കും
ഹരിത കേരളം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 20ലക്ഷം രൂപ ചെലവഴിച്ചാണ് തോടിന്റെ നവീകരണം. തോട്ടിൽ നിന്നും 50സെന്റിമീറ്റർ ആഴത്തിൽ എക്കൽ വാരും. പെരിങ്ങര പി.എം.വി.ഹൈസ്‌കൂൾ വളപ്പിൽ ആരംഭിച്ച പച്ചത്തുരുത്തിൽ നിന്നും തോട്ടിലേക്ക് ഇറങ്ങുന്നതിനുളള കൽപ്പടവുകളുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാവുംഭാഗം പാലം മുതൽ കണ്ണാട്ടുകുഴി പാലം വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരത്തിലാണ് തോടിന്റെ നവീകരണം ജോലികൾ നടക്കുക. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് പണികൾ നടത്തുന്നത്. ഏപ്രിലിൽ ജോലികൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
-തോടിന്റെ വീതി കുറഞ്ഞു
-ചെളിയും എക്കലുമെല്ലാം തോടിന്റെ അരികിൽ തന്നെ നിക്ഷേപിക്കുന്നു
-20 ലക്ഷം ചെലവഴിച്ച് തോടിന്റെ നവീകരണം
മഴ പെയ്താൽ ചെളിയും എക്കലും തോട്ടിലേക്ക് വീഴുന്ന സ്ഥിതി