അടൂർ: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പൊലീസ് പരിശോധന കൂടുതൽ കർശനമാക്കി. അടൂർ സബ് ഡിവിഷൻ പരിധിയിൽ ജനങ്ങൾ കൂട്ടം കൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഇന്നലെ ഡി.വൈ.എസ്.പി ബി.വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുകയും ജനങ്ങളെ മഹാമാരിയുടെ തീവ്രതയെ കുറിച്ച് പറഞ്ഞു മനസിലാക്കുകയും ചെയ്തു. സബ് ഡിവിഷൻ പരിധിയിലെ സ്റ്റേഷനുകളിലെ മൂന്നിലൊന്ന് അംഗസംഖ്യ കൊവിഡ് സംബന്ധിച്ച് ഡ്യൂട്ടിക്കായി മാത്രം വിന്യസിച്ചിരിക്കുകയാണ്. കണ്ടൈൻമെന്റ് സോൺകളിലും സബ്ഡിവിഷൻ പരിധിയിലെ ജനങ്ങൾ കൂട്ടം കൂടാൻ സാദ്ധ്യത ഉള്ള സ്ഥലങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തും. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതും നിയമം ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും ഡി.വൈ.എസ്.പി അറിയിച്ചു.