18-honey-bee
ഉൾവനങ്ങളിലെ മരക്കൊമ്പിൽ തൂങ്ങി കിടക്കുന്ന തേനീച്ചക്കൂടുകൾ

തണ്ണിത്തോട് : ഏപ്രിൽ, മെയ് മാസങ്ങളിൽ വനമേഖലയിൽ തേൻ നിറയുന്ന കാലമാണിത്. റാന്നി, കോന്നി വനം ഡിവിഷനുകളിലെ ഉൾക്കാടുകളിലെ വലിയ മരങ്ങളുടെ കൊമ്പുകളിലും മരപ്പൊത്തുകളിലും പാറയിടുക്കുകളിലും തേൻ നിറയുകയാണ്.

വനം വകുപ്പിന്റെ അനുമതിയോടെ ആദിവാസികൾ മാത്രമാണിവിടെ നിന്ന് തേൻ ശേഖരിക്കുന്നത്. ഉൾവനത്തിലെ ഒരോ വലിയ ഇലവുമരങ്ങളിലും ഇരുപതിലധികം തേൻകൂടുകൾ കാണാം. ആദിവാസി കുടുംബങ്ങൾ ശേഖരിക്കുന്ന തേൻ സൊസൈറ്റികൾക്കും വന സംരക്ഷണ സമിതികൾക്കുമാണ് നൽകുന്നത്. പെരുംതേൻ ലിറ്ററിന് 300 രൂപയും ചെറുതേനിന് 700 രൂപയുമാണിവർക്ക് ലഭിക്കുന്നത്. പൊതുവെ ചെറുതേനിനാണ് ഡിമാന്റ്. ഇവ കിട്ടാനും ബുദ്ധിമുട്ടാണ്.

തേനുമായി ബന്ധപ്പെട്ട കാട്ടറിവുകളുള്ളവരാണ് ആദിവാസികൾ. തേനീച്ചകളുടെ മൂളൽ ശ്രദ്ധിച്ചാണിവർ തേനിന്റെ സാന്നിദ്ധ്യമറിയുന്നത്. വനത്തിലെ ചില പ്രദേശങ്ങളിൽ നിന്ന് തേനെടുക്കുന്നതിനുള്ള അവകാശം ചില ആദിവാസി കുടുംബങ്ങൾക്കാണ്. വലിയ മരങ്ങളിൽ നിന്ന് തേൻ ശേഖരിക്കുന്നത് രാത്രിയിലാണ്. ആദ്യം അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ മല ദൈവങ്ങൾക്കിവർ പൂജ നടത്തും. ഏണി വഴിയാണ് മരത്തിന് മുകളിലെത്തുക. ഇതിനായി കാട്ടിലെ മുളയും വള്ളിയുമുപയോഗിച്ച് നിർമ്മിക്കുന്ന നാല്, അഞ്ച് ഏണികൾ വരെ മരത്തിൽ കെട്ടും. തേൻ കുടുകളുള്ള മരങ്ങൾ കണ്ടു പിടിച്ചു കഴിഞ്ഞാൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി ചുറ്റുമുള്ള അടിക്കാട് തെളിക്കുകയും മരത്തിന് മുകളിൽ രണ്ട് പടികൾ സ്ഥാപിക്കുകയും ചെയ്യുന്ന പതിവുണ്ട്. രാത്രിയിൽ തേനെടുക്കുമ്പോൾ തേനീച്ചകൾ ആക്രമിക്കാതെ അകന്ന് പോകാൻ ചൂട്ടിന്റെ പ്രയോഗവുമുണ്ട്. ചിലർ കുത്തേൽക്കാതിരിക്കാൻ കാട്ടുചണ്ണയരച്ച് മുഖത്തും ശരീരത്തിലും പുരട്ടും.

വനമരങ്ങളിലെ തേൻരസം

വനത്തിലെ കരിഞ്ചുരുളി, വാഴപുന്ന, ചെറുപുന്ന, പൊങ്ങ് , പാമരം എന്നിവയുടെ പൂക്കളിൽ നിന്നാണ് തേനീച്ചകൾ പ്രധാനമായും പൂമ്പൊടികൾ ശേഖരിക്കുന്നത്. കരിമരുത് , താന്നി, പൂവത്തി എന്നിവ പൂക്കുമ്പോൾ വനത്തിലെ തേനിന് കയ്പ്പ് രസം വരും. ആവണിപ്പാറ, ഏഴാത്തല, ആലുവാങ്കുടി, പേരുവാലി, കൊട്ടാമ്പാറ, കുറിച്ചി, കാട്ടാത്തി വനമേഖലകളിലെ ആദിവാസി കുടുംബങ്ങൾക്കിത് തേനെടുപ്പിന്റെ കാലമാണ്.

പലതരം തേനുകൾ

വൻതേൻ, ചെറുതേൻ, കോൽതേൻ, കുറുന്തേൻ, പുറ്റുതേൻ, കൂളത്തേൻ എന്നിങ്ങനെ പലതരം തേനുകളാണ് വനമേഖലകളിലുള്ളത്. ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള സമയങ്ങളിൽ ഇവർക്ക് സുലഭമായി തേൻ ലഭിക്കും. പെരുംതേനീച്ചകളുടെ തേനിന് വനത്തിലെ ചെറുതേൻ, കോൽത്തേൻ, കുളത്തേൻ എന്നിവയെ അപേക്ഷിച്ച് ഔഷധഗുണം കുറവാണങ്കിലും വലിയ അളവിൽ ലഭിക്കും. തേനീച്ചകൾ കൂട്ടമായെത്തി കുത്തിയാൽ അപകടവുമാണ്.