പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മുന്നൊരുക്കങ്ങൾ 28ന് പൂർത്തിയാക്കും. മേയ് രണ്ടിന് രാവിലെ 8 മുതൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. 8.30 മുതൽ ഇ.വി.എം എണ്ണും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. വോട്ടെണ്ണലിന് മുമ്പായി വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും.
വോട്ടെണ്ണൽ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കൽ പൊലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, കൗണ്ടിംഗ് സ്റ്റാഫ്, സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥികളുടെ കൗണ്ടിംഗ് ഏജന്റുമാർ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, ഇലക്ഷൻ കമ്മിഷൻ നിയോഗിച്ചവർ എന്നിവർക്കല്ലാതെ മറ്റാർക്കും കൗണ്ടിംഗ് ഹാളിൽ പ്രവേശനമില്ല. കൗണ്ടിങ് ഹാളിന് പുറത്ത് വോട്ടെണ്ണലിന്റെ വിവരങ്ങൾ നൽകാനായി മീഡിയ സെന്റർ പ്രവർത്തിക്കും. കൂടാതെ ഫലം തത്സമയം അപ്‌ലോഡ് ചെയ്യുന്നതിനുള്ള സുവിധ ആപ്ലിക്കേഷന്റെ പ്രത്യേക കേന്ദ്രവും ഉണ്ടാകും. മൊബൈൽ ഫോണുകൾ കൗണ്ടിംഗ് സെന്ററുകളിൽ അനുവദിക്കില്ല. തപാൽ വോട്ട് എണ്ണുന്ന ഓരോ കൗണ്ടിംഗ് ടേബിളുകളിലും എ.ആർ.ഒ മാർ ഉണ്ടാകണം. ഇ.വി.എം കൗണ്ടിംഗിനു ശേഷം വി.വി.പാറ്റുകൾ എണ്ണിത്തുടങ്ങും. കൗണ്ടിംഗ് സെന്ററുകളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പുവരുത്തും. പ്രിന്റർ, സ്‌കാനർ, ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. അഞ്ചു കേന്ദ്രങ്ങളിലും 21 ടേബിളുകളിലായാണ് ഓരോ റൗണ്ടിലും കൗണ്ടിംഗ് നടക്കുക. കൗണ്ടിംഗ് ജോലികൾക്കായുള്ള ജീവനക്കാരെ ഉടൻ നിയമിക്കും.