muthoor
കൊവിഡ് പരിശോധനാ കാമ്പയിനിന്റെ ഭാഗമായി കോഴഞ്ചേരി ആശുപത്രിയിൽ ‍ സ്രവം ശേഖരിക്കുന്നു.

രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു


പത്തനംതിട്ട : കൊവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയിൽ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേർ പരിശോധനയ്ക്ക് വിധേയരായി. ഇതിൽ 5146 പേർ സർക്കാർ കേന്ദ്രങ്ങളിലും 3033 പേർ സ്വകാര്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇതോടെ രണ്ടു ദിവസത്തെ കാമ്പയിനിൽ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 15,988 ആയി. രണ്ട് ദിവസങ്ങളിലായി 10000 സാമ്പിളുകൾ പരിശോധിക്കാൻ ലക്ഷ്യമിട്ടിടത്ത് 15,988 പരിശോധനകൾ നടത്താൻ കഴിഞ്ഞു.

രണ്ട് ദിവസം നീണ്ടു നിന്ന കാമ്പയിനിലൂടെ കൂടുതൽ രോഗികളെ കണ്ടെത്താൻ കഴിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ പറഞ്ഞു. രോഗബാധിതരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവ് ഇതിന്റെ സൂചനയാണ്. വൈറസ് ബാധയുളളവരെ നേരത്തെ കണ്ടെത്തി ക്വാറന്റൈനിലാക്കുന്നതിലൂടെ രോഗവ്യാപനം തടയുക എന്നതായിരുന്നു കാമ്പയിന്റെ ലക്ഷ്യം.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, തിരക്കുളള സാഹചര്യങ്ങളിൽ ഇടപഴകിയവർ, രോഗലക്ഷണങ്ങൾ ഉളളവർ, രോഗികളുമായി സമ്പർക്കത്തിൽ വന്നവർ തുടങ്ങി രോഗബാധിതരാകാൻ സാദ്ധ്യതയുളള എല്ലാവരും തുടർന്നുളള ദിവസങ്ങളിലും പരിശോധനയ്ക്ക് സന്നദ്ധരാകണം.

ഡോ.എ.എൽ ഷീജ,

ജില്ലാ മെഡിക്കൽ ഓഫീസർ

664 പേർക്ക് കൊവിഡ്

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 664 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്ത് നിന്നും വന്നവരും, 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 616 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 63,992 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 57,792 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.

ജില്ലയിൽ ഇന്നലെ 166 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 60,527 ആണ്.

വിവിധയിടങ്ങളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം
1. അടൂർ : 10
2. പന്തളം : 27
3. പത്തനംതിട്ട : 47
4. തിരുവല്ല : 56
5. ആനിക്കാട് : 23
6. അയിരൂർ : 26
7. ചെന്നീർക്കര :15
8. ഇരവിപേരൂർ : 20
9. കലഞ്ഞൂർ : 15
10. കവിയൂർ : 21
11. കുന്നന്താനം :15
12. മല്ലപ്പളളി : 42
13. പള്ളിക്കൽ :19
14. പന്തളംതെക്കേക്കര :18
15. പ്രമാടം :15
16. വെച്ചൂച്ചിറ : 37

മൂന്നു മരണംകൂടി

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ

മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) 11ന് രോഗബാധ സ്ഥിരീകരിച്ച കുന്നന്താനം സ്വദേശി (65) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
2) തിരുവല്ല സ്വദേശി (34) 16ന് വാഹന അപകടത്തിൽ മരണമടഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
3) 17ന് രോഗബാധ സ്ഥിരീകരിച്ച പെരിങ്ങര സ്വദേശി (56) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.

ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 9ന്
അടയ്ക്കണം; എ.സി പ്രവർത്തിപ്പിക്കരുത്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തുന്ന ക്രമീകരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി ഒൻപതിന് അടയ്ക്കുന്നതിന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വ്യാപാരിവ്യവസായികളുടെ യോഗം തീരുമാനിച്ചു. സാനിറ്റൈസർ, കൈകഴുകുന്നതിനുള്ള വെള്ളം, സോപ്പ്, സ്ഥാപനത്തിൽ വരുന്നവരുടെ പേര്, ഫോൺ നമ്പർ എന്നിവ എഴുതി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണം എന്നിവ ഒരുക്കണം.
കച്ചവട സ്ഥാപനങ്ങളിൽ കഴിവതും എ.സി പ്രവർത്തിപ്പിക്കരുത്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്‌സലായി മാത്രം നൽകണം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഉണ്ടായാൽ ജില്ലയിൽ 144 പ്രഖ്യാപിക്കേണ്ടതായി വരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.