പത്തനംതിട്ട. മാദ്ധ്യമങ്ങൾ സമൂഹത്തിന്റെ കണ്ണാടിയാണെന്ന് പത്തനംതിട്ട അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് എൻ. രാജൻ പറഞ്ഞു. ജില്ലാ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസുകാർക്ക് വേണ്ടി ഒരുക്കിയ റിപ്പോർട്ടിംഗ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമങ്ങളെ വിമർശിക്കാറുണ്ട്. പക്ഷേ, മാദ്ധ്യമങ്ങൾ ഇല്ലാത്ത അവസ്ഥ ചിന്തിക്കാനാവില്ല. ജനാധിപത്യത്തിന്റെ നിലനിൽപ്പിന്നു മാദ്ധ്യമങ്ങൾ വലിയ പങ്കു വഹിക്കുന്നു. മാദ്ധ്യമ പ്രവർത്തകരുടെ ജോലി തന്നെയാണ് പൊലീസിൽ സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം നിർവഹിക്കുന്നത്. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ, ലഭിക്കുന്ന വിവരങ്ങൾ കൃത്യമായി മേലുദ്യോഗസ്ഥർക്ക് കൈമാറുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടാൽ പൊലീസ് സേനയുടെ പ്രവർത്തനവും മെച്ചപ്പെടും. അദ്ദേഹം പറഞ്ഞു. മാദ്ധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ ക്ലാസ് നയിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിഎം.കെ.സുൽഫിക്കർ അദ്ധ്യക്ഷനായിരുന്നു.