അടൂർ : കരുവാറ്റ ഇണ്ടളൻകാവ് മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവവും ക്ഷേത്രസമർപ്പണചടങ്ങുകൾക്കും ഇന്ന് തുടക്കമാകും. ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള മഹാശിവലിംഗം, പാർവതിദേവി, നാഗരാജാവ്, നാഗയക്ഷി, ചിത്രകൂടം എന്നീ വിഗ്രഹങ്ങൾ ശിൽപ്പി സദാശിവൻ ആചാരിയിൽ നിന്നും ചെങ്ങന്നൂർ പഞ്ചപാണ്ടവ ക്ഷേത്രസന്നിധിയിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എൻ.സതീഷ് കുമാർ ഏറ്റുവാങ്ങി. തുടർന്ന് രഥഘോഷയാത്രയായി വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6.30ന് ഹോളിക്രോസ് ജംഗ്ഷനിൽ എത്തിച്ചേർന്നപ്പോൾ വാദ്യമേളങ്ങൾ, താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയിൽ ക്ഷേത്രസന്നിധിയിലേക്ക് വിഗ്രഹങ്ങൾ ആനയിച്ചു. ഇന്ന് രാവിലെ 8മുതൽ ശിവപുരാണ പാരായണം, വൈകിട്ട് 5.30ന് പ്രതിഷ്ഠാകർമം നിർവഹിക്കാൻ എത്തുന്ന തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിലിനെ പൂർണകുംഭം നൽകി സ്വീകരിക്കും. 21ന് രാവിലെ 7.30ന് ഗണപതിഹോമം, മുളപൂജ, മൃത്യുഞ്ജയഹോമം, വൈകിട്ട് 5.30ന് ബിംബപരിഗ്രഹണം, 22ന് വൈകിട്ട് 5.30മുതൽ പ്രാസാദപരിഗ്രഹം, ശ്രീകോവിൽ ശിൽപ്പിയിൽ നിന്നും ഏറ്റുവാങ്ങൽ, പ്രാസാദശുദ്ധിക്രിയകൾ, ഭഗവതിസേവ, 23ന് രാവിലെ 8മുതൽ മുളപൂജ, സുകൃതഹോമം, സ്ഥലശുദ്ധി, 24ന് വൈകിട്ട് 5.30മുതൽ ബിംബശുദ്ധിക്രിയകൾ, 25ന് രാവിലെ 6 മുതൽ ബിംബകലശാദി എഴുന്നെള്ളിപ്പ്, 7.30നും 8.30നും മദ്ധ്യേ തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ മഹാശിവലിംഗ, പാർവതിദേവി പ്രതിഷ്ഠകൾ നടക്കും. 10ന് ക്ഷേത്രസമർപ്പണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 8 മുതൽ നൃത്തരാവ്.