വള്ളിക്കോട്: വൃത്തിയാക്കാനിറങ്ങിയപ്പോൾ ശ്വാസംമുട്ടി കിണറിൽ കുടുങ്ങിയാളെ അഗ്നിശമന സേന രക്ഷിച്ചു. വി കോട്ടയം താന്നികലയത്ത് ചിന്നമ്മയുടെ വിട്ടു മുറ്റത്തെ കിണർ വൃത്തിയാക്കാനിറങ്ങിയ സമീപവാസിയായ നാരായണൻ (63) ആണ് കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. നാൽപ്പത് അടിയോളം താഴ്ചയുള്ള കിണർ വൃത്തിയാക്കിയ ശേഷം തൊടിയിൽ ചവിട്ടി കയറുമ്പോൾ ശ്വാസം മുട്ടലുണ്ടാവുകയായിരുന്നു. പത്തടിയോളം കയറിയ ശേഷം തളർന്ന് പോയ നാരായണൻ തിരികെ കിണിറ്റിലേക്കിറങ്ങി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് പത്തനംതിട്ട യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫീസർ അജിത്കുമാറിന്റെ നേതൃത്വത്തിലെത്തിയ ടീമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. നെറ്റ് സഹായത്തോടെ കിണറ്റിലിറങ്ങിയ വിഷ്ണു എന്ന ഫയർമാൻ നാരായണനെ കരയ്ക്ക് എത്തിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.