മല്ലപ്പള്ളി : കൊവിഡ് വ്യാപനം രൂക്ഷമായി ജില്ലയിൽ മൂന്നാം സ്ഥാനത്ത് എത്തിനിൽക്കുന്ന ആനിക്കാട് പഞ്ചായത്തിൽ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാൻ പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പ്രസിഡന്റ് പ്രമീള വസന്ത് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് തോമസ് മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ ലിയാഖത്ത് അലിക്കുഞ്ഞ്, മോളിക്കുട്ടി സിബി, ഡെയ്‌സി വർഗീസ് അംഗങ്ങളായ സി.സി. പ്രേംസി, സി.എസ്. ശാലിനി, ലിൻസി മോൾ തോമസ്, കെ.കെ വിജയലക്ഷ്മി, ദേവദാസ് മണ്ണൂരാൻ, സൂസൻ ദാനിയേൽ, മാത്യൂസ് കല്ലുപുര എന്നിവർ പ്രസംഗിച്ചു. എല്ലാ പ്രദേശങ്ങളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തും, വാർഡുതല ജാഗ്രതാ സമിതികളുടെ അടിയന്തര യോഗം ചേർന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിക്കും. വാക്‌സിനേഷൻ ക്യാമ്പുകളും, പരിശോധനാ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചു. സെക്ടറൽ മജിസ്‌ട്രേറ്റിന്റെയും പൊലീസ് സേനയുടെയും സഹായത്തോടെ ജാഗ്രത പ്രവർത്തനങ്ങൾ സജീവമാക്കും. പഞ്ചായത്ത് പരിധിയിൽ കണ്ടെയ്ന്റ്‌മെന്റ് സോൺ ആക്കിയ പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രത്യേകയോഗം ചേർന്നു. ജനങ്ങൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു അഭ്യർത്ഥിച്ചു.