കോഴഞ്ചേരി: റോഡിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന മതിലുകൾ യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നതായി പരാതി. ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കുമ്പനാട്- ആറാട്ടുപുഴ റോഡിലാണ് പലയിടത്തും റോഡിലേക്ക് തള്ളി നിൽക്കുന്ന മതിലുകൾ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. റോഡിൽ കടപ്ര - ഡൈമുക്ക് ഭാഗത്താണ് അപകട സാദ്ധ്യത കൂടുതലായുള്ളത്. ഇവിടെ സ്വകാര്യ വ്യക്തിയുടെ മതിൽ റോഡിലേക്ക് എട്ടടി ഉയരത്തിൽ നിൽക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് യാത്രക്കാരുടെ പരാതി. റോഡിന്റെ കിഴക്ക് ഭാഗത്ത് നിന്ന് ആറാട്ടുപുഴ ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇവിടെ മതിലിന്റെ മറവാണ് കാരണം. ഉന്നത നിലവാരത്തിലുള്ള റോഡായതിനാൽ വാഹനങ്ങൾ അമിത വേഗത്തിലാണ് ഇതുവഴി പായുന്നത്. സമീപ റോഡിൽ നിന്ന് വാഹനങ്ങൾ എത്തുന്നതിനാൽ ഇപ്പോൾ അപകട സാദ്ധ്യതയും ഏറെയാണ്. അപകട ഭീഷണിയായി നിൽക്കുന്ന മതിൽ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതു മരാമത്തിന് നേരത്തെ പരാതി നൽകിയിരുന്നു. മാസങ്ങളായിട്ടും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതിലാണ് പ്രതിഷേധം ഉയരുന്നത്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും വൈകാതെ നടപടി സ്വീകരിക്കുമെന്നും പൊതു മരാമത്ത് റോഡ്സ് വിഭാഗം അധികൃതർ അറിയിച്ചു.