പത്തനംതിട്ട: സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കഴിഞ്ഞ ദിവസത്തെ വേനൽമഴയിൽ വെള്ളപ്പൊക്കമുണ്ടാക്കിയത് കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിന്റെ കവർ. സമീപത്തെ ഒാടയിൽ ട്രാൻസ്ഫോർമറിന്റെ കവർ കുടുങ്ങി ഒഴുക്ക് തടസപ്പെടുകയായിരുന്നു. ശക്തമായ മഴയിൽ വെള്ളം ഒാടയിലെ വിടവ് വഴി റോഡിലേക്കും സമീപത്തെ കടകളിലേക്കും കയറി. ബേക്കറിയിൽ മുട്ടറ്റം വെള്ളം കയറി, തൊട്ടടുത്ത ഫ്ളാറ്റിന്റെ പാർക്കിംഗ് ഏരിയയിലേക്ക് ഒഴുകിപ്പരക്കുകയും ചെയ്തിരുന്നു.
ഇന്നലെ വൈകിട്ട് ട്രാൻസ്ഫോർമറിന്റെ കവർ നീക്കം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒാടയിൽ ഭിത്തിപോലെ കവർ തടഞ്ഞു നിൽക്കുകയാണ്. ഭാരമുളള കവർ വടം ഉപയോഗിച്ച് കെട്ടി ഒരറ്റം ജീപ്പിന്റെ പിന്നിൽ കെട്ടി വലിച്ചെങ്കിലും അനങ്ങിയില്ല. ഒരാൾ പൊക്കമുള്ള ഒാടയുടെ മേൽമൂടി പൂർണമായും കോൺക്രീറ്റ് ചെയ്ത നിലയിലാണ്. ഒാടയുടെ മറ്റൊരുഭാഗത്ത് മേൽസ്ളാബ് ഇളക്കി മൂന്നുപേർ ഇറങ്ങി പരിശോധിച്ചപ്പോൾ ആണ് തടസം കണ്ടെത്തിയത്. കെ.എസ്.ഇ.ബിയുടെയും ഒാട വൃത്തിയാക്കാത്ത നഗരസഭയുടെയും അനാസ്ഥയാണ് കടകളിലേക്ക് ചെളിവെള്ളം കയറാൻ കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒാടയിൽ പ്ളാസ്റ്റിക് ചാക്കിൽ നിറച്ച മാലിന്യങ്ങളും കുപ്പികളുമുണ്ടായിരുന്നു.