ആറന്മുള: മിനി സിവിൽ സ്‌റ്റേഷനിൽ നിന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസ് അടൂരിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് അഡ്വ.കെ.ശിവദാസൻ നായർ. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെ ഈ ഓഫീസ് മാറ്റത്തിന് ചരടു വലിച്ചത് ഉദ്യോഗസ്ഥരാണെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കണം. തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി മേഖലകളിലുള്ളവർക്ക് ജില്ലയുടെ തെക്കേ അറ്റത്തേക്ക് പോകുന്നത് ഗുണകരമല്ല. അടൂരിലേക്ക് ഓഫീസ് മാറ്റാനുള്ള നീക്കം ഉദ്യോഗസ്ഥ താത്പര്യമാണ്. ഏതു ഓഫീസും ജനങ്ങളുടെ സൗകര്യാർത്ഥമാണ് പ്രവർത്തിക്കേണ്ടത്. ആറന്മുള മണ്ഡലത്തിലെ ഒരു ഓഫീസും ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞവർ ഇതിന് പരിഹാരം കണ്ടെത്തണം. ആറന്മുളയിൽ നിന്ന് ഈ ഓഫീസ് നീക്കാൻ ശ്രമം നടത്തിയാൽ ജനകീയ പ്രക്ഷോഭത്തിലൂടെ പ്രതിരോധിക്കുമെന്നും ശിവദാസൻ നായർ പറഞ്ഞു.