കടമ്മനിട്ട: പടയണിയുടെ അഞ്ചാം നാൾ കാവിലമ്മയ്ക്ക് മുന്നിലേക്ക് കോലങ്ങൾ ഉറഞ്ഞെത്തി. കോലങ്ങളുടെ എഴുതിത്തുള്ളലായിരുന്നു ഇന്നലെ. എഴുത്ത് സ്ഥലങ്ങളിൽ നിന്ന് രാത്രിയിൽ ഭൈരവി കോലങ്ങളും ചെറുകാേലങ്ങളുമായുള്ള എടുത്തുവരവ് ആർപ്പുവിളികളോടെയായിരുന്നു. ചൂട്ടുകറ്റയും ചെണ്ടമേളവും തീവെട്ടിയും അകമ്പടിയായി. കോലങ്ങൾ അമ്മയ്ക്ക് മുന്നിലെത്തിയതോടെ തപ്പുമേളം മുറുകി. കാപ്പൊലിച്ച് കാവുണർത്തി. തുടർന്ന് പടയണിയുടെ തുടക്കം കുറിച്ച് വെളിച്ചപ്പാട് വന്നു, എല്ലാം ഭംഗിയായി നടത്താൻ ഭഗവതിയുടെ അനുഗ്രഹമുണ്ടെന്ന് അറിയിച്ചു. ഭക്തർ തൊഴുകൈകളോടെ നിന്നു. പിശാച്, മറുത, കാലൻ, സുന്ദരയക്ഷി, ഭൈരവി എന്നിങ്ങനെ കോലങ്ങൾ ഒാരോന്നായി തുള്ളിയൊഴിഞ്ഞു. പടയണിയുടെ ആറാം ദിവസമായ ഇന്ന് അടവിയാണ് പ്രധാന ചടങ്ങ്.