ചെങ്ങന്നൂർ: കൊവിഡ് സെന്ററിൽ നിലവാരം കുറഞ്ഞ ഭക്ഷണം നൽകുന്നതായി പരാതി. മുളക്കുഴയിൽ പ്രവർത്തിക്കുന്ന സർക്കാർ കൊവിഡ് സെന്ററിൽ കഴിയുന്ന കൊവിഡ് രോഗികൾക്കാണ് നിലവാരം കുറഞ്ഞ ഭക്ഷണം നൽകുന്നതായി രോഗികളുടെ ഇടയിൽ നിന്നും പരാതി ഉയർന്നത്. കഴിഞ്ഞ നാലു ദിവസമായി ഉച്ചയ്ക്ക് നൽകുന്ന ഭക്ഷണമാണ് നിലവാരം കുറഞ്ഞതെന്നാണ് പരക്കെ ആക്ഷേപം. പകുതി വേവിച്ച ചോറും, ഡാൽക്കറിയും കഴിച്ച് പലർക്കും വയറിന് സുഖമില്ലാതായി. മിക്കവരും ഉച്ചക്ക് ഭക്ഷണം കഴിക്കാറില്ല. ഇത് പരാതിപെട്ടിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് രോഗികൾ പറയുന്നു. പിന്നീട് രോഗികൾ വീട്ടിൽ അറിയിച്ച് വീടുകളിൽ നിന്നും ഭക്ഷണം എത്തിച്ചെങ്കിലും അത് സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയാറായില്ല. ഇതു സംബന്ധിച്ച് രോഗികളുടെ ബന്ധുക്കളുമായി അധികൃതർ വാക്കു തർക്കമുണ്ടായി. ശുചിമുറിയുംവൃത്തിഹീനമാണ് . ഓച്ചിറ, കായംകുളം, പുലിയൂർ, ചെറിയനാട്, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളാണ് ഇവിടെയുള്ളത്. കരാർ അടിസ്ഥാനത്തിലാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. എന്നാൽ വൈകുന്നേരങ്ങളിൽ ലഭിക്കുന്ന ഭക്ഷണം ഉച്ചക്ക് കിട്ടുന്നതിനേക്കാൾ മെച്ചപ്പെട്ടതാണന്ന് രോഗികൾ പറയുന്നു.