പത്തനംതിട്ട: അനധികൃത മണ്ണെടുപ്പ് മൂലം വീട് അപകട ഭീഷണിയിൽ. നന്നുവക്കാട് സിയോൻവില്ലയിൽ ബിനുബേബിയുടെ വീടാണ് ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലായത്. വീടിനോട് ചേർന്ന വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് വൻതോതിൽ മണ്ണെടുത്തത്. വീടിന്റെ ചുവര് ഭാഗം വരെ ഉയരത്തിൽ 16 അടിയോളം താഴ്ചയിൽ മണ്ണെടുത്തിട്ടുണ്ട്. തിരഞ്ഞടുപ്പ് പ്രചരണനാളുകളിൽ രാത്രി യിലാണ് മണ്ണ് മാറ്റിയത്. മണ്ണ് മാറ്റാൻ തുടങ്ങിയപ്പോൾ മുതൽ നിറുത്തിവയ്ക്കണമെന്ന് ബിനുബേബി ആവശ്യപ്പെട്ടിരുന്നു. പാറനിറഞ്ഞ പ്രദേശമായതിനാൽ ഇത് പൊട്ടിച്ചുമാറ്റിയാണ് മണ്ണെടുത്തത്. ശക്തമായ മഴ പെയ്താൽ ചുവര് ഇടിഞ്ഞ് വീട് നിലം പൊത്തുമെന്ന അവസ്ഥയിലാണിപ്പോൾ . മഴപെയ്യുമ്പോൾ മൺതിട്ട ഇടിഞ്ഞുവീഴുന്നുണ്ട്.
ഇത് സംബന്ധിച്ച് പൊലീസ്, വില്ലേജ് ഓഫീസ്, ആർ.ഡി.ഒ, കളക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. റവന്യൂ അധിക്യതർ എത്തി മണ്ണെടുപ്പ് നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. വീട് വയ്ക്കാനാണ് മണ്ണ് മാറ്റിയതെന്ന് ഉടമ പറഞ്ഞു. സംരക്ഷണഭിത്തി കെട്ടി വീട് സംരക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ബിനുബേബി അധിക്യതരോട് ആവശ്യപ്പട്ടിട്ടുണ്ട്. നാളെ ഇരു കൂട്ടരേയും വില്ലേജ് ഓഫീസർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.