ചെങ്ങന്നൂർ: വേനൽമഴയിൽ മിക്ക പാടശേഖരങ്ങളിലേയും നെൽകൃഷി വെള്ളത്തിലായി. വെൺമണി, പുലിയൂർ, മാന്നാർ, ബുധനൂർ, ചെന്നിത്തല പഞ്ചായത്തുകളിൽ വ്യാപകമായി കൃഷിനശിച്ചിട്ടുണ്ട്. തിരുവൻവണ്ടൂർ മഴുക്കീർ പാടശേഖരത്തിലെ 60 ഏക്കർ നെൽകൃഷി വെള്ളത്തിലായി. വെള്ളംകയറി നെല്ല് കിളിർത്ത് തുടങ്ങിയതോടെ കൃഷി നഷ്ടത്തിലാകുമെന്ന് ഉറപ്പായി.
82 ഏക്കർ വരുന്ന മഴുക്കീർ പാടത്ത് 22 ഏക്കർ കൊയ്തു കഴിഞ്ഞപ്പോളാണ് മഴയെത്തിയത്. മഴയെ പേടിച്ച് നേരത്തെ കൊയ്ത്ത് തുടങ്ങിയെങ്കിലും കൊയ്ത് പകുതി എത്തുന്നതിന് മുമ്പ് മഴയെത്തി. ഇനികൊയ്ത്ത് നടത്തിയാലും പകുതി വിളവുപോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.
കൊയ്ത നെല്ല് കരയ്ക്കെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. പാടത്തേക്കുള്ള കൊമ്പിക്കുഴി വാരിക്കോട് റോഡിൽ രണ്ടിടങ്ങളിൽ മടവിഴ്ച കാരണം റോഡ് തകർന്നുകിടക്കുന്നതിനാൽ നെല്ലെടുക്കാനുള്ള വാഹനം കൊണ്ടുവരാൻ കഴിയില്ല. കൊയ്ത്തു യന്ത്രവും ഇതേ കാരണത്താൽ പാടത്തേക്ക് എത്തിക്കാൻ കഴിയുന്നില്ല. കയറ്റിറക്ക് കൂലി കൂടുതലായതിനാൽ ചെറിയ വാഹനങ്ങളിലും നെല്ല് എടുക്കാൻ കഴിയുന്നില്ല.
62 കർഷകരാണ് മഴുക്കീർ പാടത്ത് കൃഷിയിറക്കിയത്. ഉമ വിഭാഗത്തിൽപ്പെട്ട വിത്താണ് വിതച്ചത്.
തിരുവൻവണ്ടൂർ കൃഷി ഓഫീസർ പ്രീതി, അസി.കൃഷി ഓഫീസർ ആർ.സജീവ് എന്നിവർ സ്ഥലം സന്ദർശിച്ചു.
-------------
നശിച്ചത് 60
ഏക്കറിലെ
കൃഷി
-----------
മടവീഴ്ച കാരണം വാഹനം പാടത്ത് ഇറക്കാൻകഴിയില്ല.
കൊയ്ത നെല്ല് കരയ്ക്കെത്തിക്കാനാകാതെ കർഷകർ
നെല്ല് കിളിർത്തുതുടങ്ങി
------------------
" ഏറെ പ്രതീക്ഷയോടെയാണ് കൃഷിയിറക്കിയത്. എന്നാൽ അപ്രതീക്ഷിതമായി പെയ്ത വേനൽ മഴ കനത്തനഷ്ടമാണ് ഉണ്ടാക്കിയത് "
കെ.പി.ചന്ദ്രൻപിള്ള
പാടശേഖരസമിതി പ്രസിഡന്റ്