ആറന്മുള: ആറന്മുള പഞ്ചായത്തിലെ നീർവിളാകം പുഞ്ചയെ സംരക്ഷിക്കാൻ നീർച്ചാൽ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. നെൽകൃഷിക്ക് തടസ്സമായി കാൽനൂറ്റാണ്ടിലേറെയായി മാലിന്യവും മറ്റും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം നെൽകൃഷിക്ക് കഴിയാത്ത സ്ഥിതിയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് വൃത്തിയാക്കുന്നത്. തിട്ടകൾ ബലപ്പെടുത്തുന്നതിന് കയർ ഭൂവസ്ത്രം വിരിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. തോട് പുനരുദ്ധരിക്കുന്നതോടെ നീർവിളാകം പുഞ്ചയിൽ അവശേഷിക്കുന്ന ഭാഗത്തും നെൽകൃഷി തുടങ്ങും.

മാലക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെട്ട പി.ഐ.പി കനാലിലുടെ നീർവിളാകം പുഞ്ചയിലേക്ക് പറത്തോട്ടിലൂടെ വെള്ളമെത്തിക്കുന്ന പദ്ധതിയാണ് വർഷങ്ങൾക്കു ശേഷം യാഥാർത്ഥ്യമാകുന്നത്.

പി. ഐ.പി. കനാലിന്റെ ചോർച്ചയും ഇവിടെ പ്രശ്നം സൃഷ്ടിച്ചിരുന്നു.

പുഴ വീണ്ടെടുക്കൽ പദ്ധതിയിലൂടെ നീർച്ചാലുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നവീകരണമെന്ന് പന്തളം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് പറഞ്ഞു. നീർവിളാകം പുഞ്ചയിലെ എല്ലാ പ്രദേശങ്ങളിലും നെൽകൃഷി തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം.