ചന്ദനപ്പള്ളി: ആഗോള തീർത്ഥാടന കേന്ദ്രമായ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മേയ് 1 മുതൽ 8 വരെ നടക്കും. ചടങ്ങുകൾക്ക് പരിശുദ്ധ കാതോലിക്ക ബാവയും മറ്റ് മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും. മേയ് 7, 8 തീയതികളിലാണ് പ്രധാനപെരുന്നാൾ.
വിശുദ്ധ സഹദായുടെ രക്തസാക്ഷിത്വ ദിനമായ ഏപ്രിൽ 23ന് ധ്യാനം. 25 ന് പള്ളി അങ്കണത്തിലും കൽകുരിശടിയിലും കൊടിയേറും. 1 മുതൽ 6 വരെ എല്ലാ ദിവസവും രാവിലെ മൂന്നിന്മേൽ കുർബാന, പിതൃസ്മൃതി, ഇടവക ദിനാചരണം, കുടുംബ സംഗമം, യുവജനസമ്മേളനം, പ്രത്യാശ പ്രാർത്ഥന സംഗമം, ലോക പ്രവാസി സംഗമം, താലന്ത്, കവി സി.പി. ചാണ്ടി അനുസ്മരണ ഗാനാലാപ മത്സരം എന്നിവ നടക്കും.
7 ന് രാവിലെ മൂന്നിന്മേൽ കുർബാന, പൊന്നിൻകുരിശ് സമർപ്പണം, സെന്റ് ജോർജ്ജ് ഷ്രയിൻ എഴുന്നെള്ളത്ത്. സന്ധ്യാനമസ്‌കാരം, റാസ, ശ്ലൈഹിക വാഴ്‌വ് എന്നിവ നടക്കും. 8 ന് രാവിലെ ചെമ്പിൽ അരിയിടീൽകർമ്മം . തുടർന്ന് മെത്രാപ്പോലീത്തമാരുടെ കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന. തുടർന്ന് തീർത്ഥാടക സംഗമവും .റവ.സിൽവാനോസ് റമ്പാന് അനുമോദനവും. വൈകിട്ട് ചന്ദനപ്പള്ളി ചെമ്പെടുപ്പ്. തുടർന്ന് ആശിർവാദം. 16ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പെരുന്നാൾ നടത്തുന്നതെന്ന് വികാരി ഫാ.വർഗീസ് കളീക്കൽ, ട്രസ്റ്റി റ്റി.കെ വർഗീസ്, സെക്രട്ടറി ജോയൻ ജോർജ് എന്നിവർ അറിയിച്ചു.