vaccine

പത്തനംതിട്ട : ജില്ലയിലും വാക്സിൻ ക്ഷാമം. ഇന്നലെ മൂന്നിടത്ത് വാക്സിൻ വിതരണം മുടങ്ങി. കുമ്പഴ, ചാത്തങ്കരി, കുറ്റൂർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് വാക്സിൻ മുടങ്ങിയത്. സംസ്ഥാനത്ത് കൂടുതൽ വാക്സിൻ നൽകുന്ന ജില്ലയായിരുന്നു പത്തനംതിട്ട. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് തിരുവനന്തപുരം റീജിയൺ സ്റ്റോറിൽ നിന്നാണ് വാക്സിൻ എത്തുന്നത്. ദിവസവും പതിനാറായിരത്തിൽ മുകളിൽ വാക്സിൻ നൽകാറുണ്ട് ജില്ലയിൽ. എന്നാൽ ഇന്നലെ വലിയ കുറവുണ്ടായി. പന്തീരായിരത്തിലേക്ക് കണക്ക് താഴ്ന്നു.

ഇതുവരെ അറുപത് വയസുകഴിഞ്ഞ നാൽപ്പത്തിയാറ് ശതമാനം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ജില്ലയിലെ ജനസംഖ്യയുടെ മുപ്പത് ശതമാനം പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.

40 താഴെയുള്ളവരിൽ രോഗ ബാധ കൂടുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രോഗികളുടെ എണ്ണം 650 നു മുകളിലാണ്. രണ്ടാംതരംഗത്തിൽ 40 വയസിന് താഴെയുളളവരിൽ രോഗബാധ കൂടുതലായി കണ്ടുവരുന്നു. നേരത്തെ രോഗം കണ്ടുപിടിക്കുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും സഹായിക്കും. യഥാസമയം പരിശോധന നടത്താത്തതുമൂലം ഗുരുതര രോഗലക്ഷണങ്ങളുളള കാറ്റഗറി സിയിൽപെട്ട രോഗികളുടെ എണ്ണം ഓരോ ദിവസവും ഇരട്ടിക്കുകയാണ്. നാലു ദിവസം മുമ്പ് ഇപ്രകാരം കാറ്റഗറി സിയിലുളളവർ 16 പേരായിരുന്നുവെങ്കിൽ ഇന്നലെ മാത്രമത് 101 പേരാണ്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങളുളളവർ ടെസ്റ്റിംഗിന് വിധേയമാവുകയും സ്വയം നിരീക്ഷണത്തിലിരിക്കുകയും വേണം. രോഗികളുമായി സമ്പർക്കത്തിൽ വന്നവരും (പ്രൈമറി കോണ്ടാക്ടുകൾ) ക്വാറന്റൈനിൽ ഇരിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണം. രോഗലക്ഷണങ്ങൾ അവഗണിക്കുന്നത് രോഗം ഗുരുതരമാകുന്നതിനും, മരണത്തിനും കാരണമാകും. വാക്‌സിനേഷൻ വർദ്ധിപ്പിക്കുകയും കൂടുതൽ പരിശോധനകൾ നടത്തുകയുമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗ വ്യാപനം കുറയ്ക്കാൻ ചെയ്യാനാകുന്നത്.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഒൻപതിൽ താഴെയാണ്. ചില പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലും.

ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള പഞ്ചായത്തുകൾ :

ആനിക്കാട് : (41.08), മല്ലപ്പളളി : (29.64), കല്ലൂപ്പാറ : (26.94), കോട്ടാങ്ങൽ : (26.32), സീതത്തോട് : (25.15), നെടുമ്പ്രം : (23.58), കവിയൂർ : (20.89), നാറാണംമൂഴി : (19.88), കുറ്റൂർ : (19.44), വെച്ചൂച്ചിറ : (19.13), കുന്നന്താനം : (18.13), പുറമറ്റം : (16.35)

കൺട്രോൾ റൂം നമ്പരുകൾ

ജനറൽ ആശുപത്രി പത്തനംതിട്ട : 8281574208

ജില്ലാ ആശുപത്രി കോഴഞ്ചേരി : 8281113909, 7909220168

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പത്തനംതിട്ട : 0468 2228220, കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം:9188294118, 8281413458, കൺട്രോൾ സെൽ : 0468 2322515


ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതൽ വേണം. 5000 പേർക്ക് നൽകാനുള്ള വാക്സിൻ രണ്ടുദിവസത്തിനുള്ളിൽ എത്തും.

ഡോ. എ.എൽ. ഷീജ,

ജില്ലാ മെഡിക്കൽ ഓഫീസർ