കോഴഞ്ചേരി: വേനൽ മഴയുടെയും ഇരുളിൻ്റെയും മറപറ്റി തസ്ക്കര സംഘം തോട്ടപ്പുഴശേരി പഞ്ചായത്തിൽ വിലസുന്നു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് പരേതനായ ജോയി പൊറോണിൻ്റെ ചാലായിക്കരയിലുള്ള വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നു. വീടിൻ്റെ പിന്നിലെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷണ സംഘം അലമാര, മേശ, എന്നിവ കുത്തിത്തുറന്നു. ഇതേ സമയം തന്നെ സമീപത്തെ രണ്ട് വീടുകളിലും മോഷണശ്രമം ഉണ്ടായി. വീട്ടുകാർ എണിറ്റപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപെട്ടു. പുതുവേൽ ജോയിയുടെ വീടിൻ്റെ മുൻ വാതിൽ തകർക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പുതുവേൽ ജോയിയുടെ വീടിൻ്റെ ജനലിലുടെ കൈയ്യിട്ട് കട്ടിലിലെ ഷീറ്റ് വലിച്ച് ആളുണ്ടോ എന്നറിയാനുള്ള ശ്രമവും വിഫലമായി. അതേ സമയം കൈതമംഗലത്ത് ജോയിയുടെ വീടിന് മുൻവശത്തു കൂടി മോഷ്ടാവ് അർദ്ധരാത്രിയിൽ പോകുന്ന സി.സി.ടി.വി.ദൃശ്യം വീട്ടുകാർ പൊലീസിന് കൈമാറി. ഈ ഭാഗങ്ങളിൽ പൊലീസിൻ്റെ രാത്രി കാല നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.