അടൂർ : അടൂർ കേന്ദ്രീയ വിദ്യാലത്തിലെ രണ്ട് ബാച്ചുകൾ വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം. കഴിഞ്ഞ വർഷം കൊവിഡ് കാരണം കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഇതോടെ 80 കുട്ടികൾക്കാണ് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നതിനുള്ള അവസരം നിഷേധിക്കപ്പെടുന്നത്. സ്കൂളിന്റെ ചുറ്റുവട്ടത്തുള്ള ബി. പി. എൽ വിഭാഗത്തിൽപ്പെട്ട 20 കുട്ടികൾക്കും അവസരം ലഭിക്കില്ല. നിലവിൽ രാവിലത്തെ ഷിഫ്ടിൽ എട്ടാം ക്ളാസിൽ മൂന്ന് ഡിവിഷനുകളും ഉച്ചയ്ക്കുള്ള ഷിഫ്ടിൽ ഒൻപതാം ക്ളാസിൽ മൂന്ന് ഡിവിഷനുകളുമാണ് ഉള്ളത്. ഇൗ അദ്ധ്യയന വർഷം മുതൽ 8-ാം ക്ളാസിലേക്ക് രണ്ട് ഡിവിഷനിലേക്ക് പ്രവേശനം നൽകിയാൽ മതിയെന്നാണ് ഉത്തരവ്. ഇതോടെ രാവിലത്തെയും ഉച്ചയ്ക്കുമുള്ള ഷിഫ്ടുകളിൽ ഒരോ ഡിവിഷനുകൾ വീതം കുറയും. ഒരു ഡിവിഷനിൽ ശരാശരി 40 കുട്ടികൾക്കാണ്പ്രവേശനം ലഭിക്കുക.
ജില്ലയിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ അടൂരിലാണ്. സൈനികർ, അർദ്ധസൈനികർ, വിവിധ ഇടങ്ങളിൽ നിന്ന് അടൂരിലും പരിസര പ്രദേശങ്ങളിലുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറിവരുന്നവർ എന്നിവരുടെ കുട്ടികൾക്ക് പ്രധാന പരിഗണന നൽകുന്നതിനൊപ്പം സ്കൂളിന്റെ ചുറ്റുവട്ടത്തുള്ള 10 നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് വീതം ഒാരോ ഡിവിഷനിലും അഡ്മിഷൻ ഉറപ്പാക്കണമെന്നും നിയമമുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം. പിയായിരിക്കേ 1993 -ലാണ് ജില്ലയിലെ ആദ്യത്തെ കേന്ദ്രീയ വിദ്യാലയം അടൂരിൽ ആരംഭിച്ചത്..വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവും സ്ഥലപരിമിതിയും കാരണമാണ് വർഷങ്ങളായി രണ്ട് ഷിഫ്ടുകളിലായി ഇവിടെ പഠനം നടക്കുന്നത്. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധികൾ കാരണമാണ് കഴിഞ്ഞ വർഷം ഉച്ചയ്ക്കുള്ള ഷിഫ്ടിൽ 8-ാം ക്ളാസിൽ ഒരു ഡിവിഷന്റെ കുറവ് ഉണ്ടായത്.
----------------
@ നിർദ്ദേശത്തിന് കാരണം
കഴിഞ്ഞ വർഷം കുട്ടികൾ
കുറഞ്ഞത്
@ അവസരം നഷ്ടപ്പെടുന്നത്
80 കുട്ടികൾക്ക്
----------
" ഡിവിഷനുകൾ വെട്ടിക്കുറച്ച തീരുമാനം പ്രതിഷേധാർഹമാണ്. പരിഹാരം കാണാൻ ആന്റോ ആന്റണി എം. പി ഇടപെടണം. "
ഡി. സജി,
ചെയർമാൻ, അടൂർ നഗരസഭ.