കോഴഞ്ചേരി : കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന അധികവർദ്ധനവിനെ തുടർന്ന് ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ഇതര ചികിത്സയോടൊപ്പം കൊവിഡ് രോഗികളെകൂടി ചികിത്സിക്കാൻ പറ്റുന്ന തരത്തിൽ ഹൈബ്രിഡ് ആശുപത്രിയാക്കണമെന്നാവശ്യം ശക്തമാകുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയും കോഴഞ്ചേരി ജില്ലാ ആശുപത്രിയുമാണ് ഇപ്പോൾ ഹൈബ്രിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നത്.
ജില്ലാ ആശുപത്രി ഹൈബ്രിഡ് ആശുപത്രിയാണെങ്കിലും ഇതര രോഗികൾക്കുള്ള ഒ.പി മാത്രമേ ആരംഭിച്ചിട്ടുള്ളൂ. കൊവിഡ് രോഗികളുടെ വർദ്ധനവിനെ തുടർന്ന് ഇതര രോഗികൾക്കുളള കിടത്തി ചികിത്സ ഇതുവരെ ആരംഭിച്ചിട്ടില്ല. 120 കിടക്കകളാണ് കൊവിഡ് രോഗികളുടെ പരിചരണത്തിനായി മാറ്റിവച്ചിരിക്കുന്നത്. ഇന്നലെ വരെ 127 കൊവിഡ് രോഗികളെയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര രോഗബാധയുള്ള 8 ലധികം പേർ ഐ.സി.യുവിലുമുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 42 കിടക്കകളാണ് കൊവിഡ് രോഗികൾക്കായുള്ളത്. ഇവിടെ 47 രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്. ഈ നില തുടർന്നാൽ ആശുപത്രികളിലെ വരാന്തയിൽ കൂടി രോഗികളെ കിടത്തേണ്ടിവരും. ഇതിന് പരിഹാരമൊരുക്കാൻ അടൂർ, തിരുവല്ല, റാന്നി ഉൾപ്പെടെയുള്ള താലൂക്ക് ആശുപത്രികളിലും കൊവിഡ് ചികിത്സ ആരംഭിക്കണം.
ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ടാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ കിടത്തി ചികിത്സ ഒരുക്കിയിരിക്കുകുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ കൂടി കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയെങ്കിൽ മാത്രമേ രോഗവ്യാപനം തടയാനാകുവെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.