ഇലവുംതിട്ട: കാർ കലുങ്കിന് അടിയിലെ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്. രണ്ട് പേർ അത്ഭുതകരമായി രക്ഷപെട്ടു. ചെന്നീർക്കര സ്വദേശി സുരേഷ് (53)നാണ് പരിക്കേറ്റത്. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമൻചിറയ്ക്ക് സമീപം ഞാവലിക്കോട് മണ്ണിൽ ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. റോഡിനോട് ചേർന്ന് നിറുത്തിയ ബൈക്കിൽ ഇരുന്ന് ഫോൺ ചെയ്ത യുവാവിനെ രക്ഷിക്കാൻ കാർ പെട്ടന്ന് വലത്തേക്ക് തിരിച്ചപ്പോൾ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിയുകയായിരുന്നുവെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി. ഡ്രൈവർ സീറ്റിന് എതിർ വശത്തിരുന്ന ആളിനാണ് പരിക്കേറ്റത്. കാർ ഇലവുംതിട്ടയിൽ നിന്ന് അമ്പലക്കടവിന് പോകുകയായിരുന്നു.