ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിലെ പെട്രോൾ പമ്പുകൾ നിയമവിധേന നടത്താൻ തയ്യാറായിട്ടും ലൈസൻസ് നൽകാൻ നഗരസഭ തയ്യാറാകുന്നില്ലെന്ന് ജില്ലാ പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം പറഞ്ഞു.
മുനിസിപ്പൽ ലൈസൻസ് ഇല്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പമ്പുകൾ വർഷങ്ങളായി പ്രവർത്തിക്കുന്നതെന്ന മുനിസിപ്പൽ സെക്രട്ടറിയുടെ പ്രസ്താവന അസത്യവും അപകീർത്തികരവുമാണ്. കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ മാർഗനിർദ്ദേശങ്ങളും മുനിസിപ്പൽ നിയമങ്ങളും പാലിച്ച് മുനിസിപ്പൽ ലൈസൻസ് നേടി നികുതികൾ അടച്ചാണ് പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നത്. 2021 ഫെബ്രുവരിയിൽ ചെങ്ങന്നൂർ മുനിസിപ്പൽ സെക്രട്ടറിയുടേതായി ലഭിച്ച കെട്ടിട നികുതി വർദ്ധിപ്പിച്ചുകൊണ്ടുള്ള ഡിമാന്റ് നോട്ടീസിൽ ഭീമമായ തുകയാണ് കുടിശികയായി ഓരോ പമ്പുകാർക്കും കാണിച്ചിട്ടുള്ളത് . 2021- 22 കാലയളവിലേക്കുള്ള മുനിസിപ്പൽ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയപ്പോൾ കെട്ടിട നികുതി കുടിശിക അടയ്ക്കാതെ മുനിസിപ്പൽ ലൈസൻസിന് അപേക്ഷ സ്വീകരിക്കുകയില്ല എന്ന അറിയിപ്പാണ് അധികാരികളിൽ നിന്ന് ലഭിച്ചത് . പൊതുമേഖല എണ്ണക്കമ്പനികളുടെ ഡീലർമാരായ പമ്പുടമകൾക്ക് കെട്ടിട നികുതി അടയ്ക്കുന്നതിന് എണ്ണക്കമ്പനികളുടെ അനുമതി ആവശ്യമാണ്. നിയമാനുസൃതം പമ്പുടമകൾ നൽകിയ ലൈസൻസിനുള്ള അപേക്ഷ സ്വീകരിക്കാതെ അപകീർത്തികരമായ പ്രസ്താവന നടത്തുകയാണ്. ഇക്കാരണത്താൽ മുൻസിപ്പൽ സെക്രട്ടറി പരസ്യമായി മാപ്പുപറയണമെന്ന് ഇവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്ന് പമ്പുടകൾ പത്രസമ്മേളനത്തിൽ അറിയിച്ചു .
ആലപ്പുഴ ജില്ല പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ജൂണി കുതിരവട്ടത്തിനൊപ്പം പമ്പ്ഉടമയായ വൈശാഖ് ശശിധരനും പങ്കെടുത്തു