പത്തനംതിട്ട : കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.
1. ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ വരവ് പോക്ക് നിരീക്ഷിക്കാനായി അവരുടെ പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കാൻ രജിസ്റ്റർ സൂക്ഷിക്കണം. സാനിറ്റൈസർ, സോപ്പ്, വെള്ളം ഉപഭോക്താക്കൾക്കായി പ്രവേശനകവാടത്തിൽ തന്നെ സജ്ജമാക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്ന ആളുകൾക്ക് സ്ഥാപനത്തിൽ പ്രവേശനം അനുവദിക്കരുത്. സാമൂഹിക അകലം പാലിക്കണം.
2. പൊതു ചടങ്ങുകൾക്ക് (വിവാഹം, ഉത്സവം, സ്‌പോർട്‌സ്, കലാസാംസ്‌കാരിക പരിപാടികൾ, സംസ്‌കാര ചടങ്ങുകൾ തുടങ്ങിയവ) ഔട്ട് ഡോർ ചടങ്ങുകൾക്ക് പരമാവധി 150 പേരും, ഇൻഡോർ ചടങ്ങുകൾക്ക് പരമാവധി 75 പേരും മാമ്രേ പാടുള്ളൂ. വിവാഹം, ഉത്സവം, സ്‌പോർട്‌സ്, കലാസാംസ്‌കാരിക പരിപാടികൾ തുടങ്ങിയ പൊതു ചടങ്ങുകൾ മുൻകൂട്ടി കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഒരു പരിപാടികളും രണ്ടു മണിക്കൂറിൽ കൂടാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ, തീയേറ്ററുകൾ, ബാറുകൾ എന്നിവ എല്ലാ ദിവസവും രാത്രി ഒൻപതിന് അടയ്ക്കണം. മീറ്റിംഗുകൾ കഴിവതും ഓൺലൈൻ വഴി നടത്തണം. ഹോട്ടലുകളും, റസ്റ്റോറന്റുകളും കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
3.ബസുകളിൽ യാതൊരു കാരണവശാലും ആളുകളെ നിറുത്തി യാത്ര ചെയ്യിപ്പിക്കരുത്. ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ എസി പ്രവർത്തിപ്പിക്കാൻ പാടില്ല.
ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ഇസജ്ജീവനി (ടെലി മെഡിസിൻ) സംവിധാനത്തെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) കൂടുതൽ പ്രചരണം നടത്തണം.
4. കണ്ടെയ്ൻമെന്റ് സോണുകളിൽ ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടിമാർ മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നതിന് നടപടി സ്വീകരിക്കണം.
5.സർക്കാർ തീരുമാനങ്ങൾക്ക് അനുസൃതമായി രജിസ്റ്റർ ചെയ്ത കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പ്രവർത്തകർക്കും ദുർബല വിഭാഗങ്ങളെയും ( 45 വയസിനു മുകളിലുള്ളവർ) കണ്ടെത്തി കോവിഡ് വാക്‌സിൻ ആദ്യമേ ലഭിക്കുന്നുണ്ടെന്ന് ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, വാർഡ്തല കമ്മിറ്റികളും ഉറപ്പു വരുത്തണം. കൂടുതൽ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പൽ സെക്രട്ടറിമാർ ഏർപ്പെടുത്തണം. വാക്‌സിനേഷൻ നടപടികൾ ഊർജിതപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അടിയന്തിര നടപടി സ്വീകരിക്കണം.
കണ്ടെയ്ന്റ്‌മെന്റ് സോണുകളിലെ
നിയന്ത്രണങ്ങളും വ്യവസ്ഥകളും
1) യാത്രയുമായി ബന്ധപ്പെട്ട്
10 വയസിന് താഴെയുള്ളവർ, 60 വയസിന് മുകളിലുള്ളവർ എന്നിവർ അവരുടെ മെഡിക്കൽ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല. അവശ്യ വസ്തുക്കൾ വാങ്ങാനും, ജോലി സംബന്ധമായും മാത്രം പൊതുജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ അനുവാദം ഉണ്ട്.
2) സ്ഥാപനവുമായി ബന്ധപ്പെട്ട്
സർക്കാർ ഓഫീസുകൾ, അവശ്യസേവനം നൽകുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ തുടങ്ങിയ എയർ കണ്ടീഷനിംഗ് സംവിധാനമുള്ള സ്ഥാപനങ്ങളിൽ എസി പ്രവർത്തിപ്പിക്കാൻ പാടില്ല. സാമൂഹിക അകലം/ വിശ്രമിക്കാനുള്ള സൗകര്യം/ ടോക്കൺ സൗകര്യം/ കൈകഴുകുന്നതിനുള്ള സൗകര്യം എന്നിവ ഏർപ്പെടുത്തി പൊതു ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം.
3) അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട്
വ്യാപാരസ്ഥാപനങ്ങൾക്ക് അകത്ത് ഉപഭോക്താക്കൾ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തണം. ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്ക് ഇടയാക്കും.
സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹിക അകലം പാലിക്കുന്നതിനായി ക്യൂ സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങൾ (45 സെമി ഡയമീറ്റർ സർക്കിൾ) രേഖപ്പെടുത്തണം. ഈ അടയാളങ്ങൾ തമ്മിൽ 150 സെമി അകലം ഉണ്ടായിരിക്കണം. കൂടാതെ സാനിറ്റൈസർ / സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം.
ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ പാഴ്‌സൽ സർവീസ് മാത്രം അനുവദിക്കു.
4) മറ്റ് നിബന്ധനകൾ
വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരാമാവധി 20 ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കാൻ അനുമതിയുള്ളൂ. അല്ലാതെ ജനങ്ങൾ ഒത്തു കൂടാൻ പാടില്ല.
യാതൊരുവിധ രാഷ്ട്രീയമോ സാംസ്‌കാരികമോ, മതപരമായതോ ആയ പ്രകടനങ്ങളോ വിവാഹം, മരണാനന്തര ചടങ്ങുകൾ ഒഴികെയുള്ള കൂടിച്ചേരലുകളോ പാടില്ല.
കായിക കേന്ദ്രങ്ങൾ, ജിംനേഷ്യങ്ങൾ, എന്നിവ നിരോധിച്ചിരിക്കുന്നു.
കോവിഡ് രോഗ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിൽ 80 ശതമാനം ആളുകളെ 72 മണിക്കൂറിനകം കണ്ടെത്തുന്നതിനും 14 ദിവസം ക്വാറന്റൈനിൽ ആക്കുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) നടപടിയെടുക്കണം. കണ്ടെയ്ന്റ്‌മെന്റ് സോണുകളിൽ കൂടുതൽ ടെസ്റ്റിംഗ് ഏർപ്പെടുത്തണം. കണ്ടെയ്ന്റ്‌മെന്റ് സോണുകളിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും സിആർപിസി 144 പ്രഖ്യാപിക്കുന്നതിനും നടപടിയെടുക്കും.