തണ്ണിത്തോട്: പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശമായ മണ്ണീറയിലേക്ക് ബസ് സർവീസില്ലാത്തത് നാട്ടുകാരെ വലയ്ക്കുന്നു. 2019 മാർച്ചിൽ ഇവിടേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങിയെങ്കിലും വരുമാന കുറവ് കാരണം മാസങ്ങൾക്കുള്ളിൽ നിറുത്തി. ഇതോടെ മണ്ണീറയിലെ പരിമിതമായ യാത്ര സൗകര്യങ്ങൾ നാട്ടുകാരെ വലയ്ക്കുകയാണ്. ഇവിടുത്തെ ജനങ്ങൾക്ക് പുറംലോകത്തെത്തണമെങ്കിൽ കിലോമീറ്ററുകൾ നടന്ന് കോന്നി തണ്ണിത്തോട് റോഡിലെ മുണ്ടോമൂഴിയിലെത്തണം. ഇതിൽ ഒരുകിലോമീറ്റർ വനത്തിലൂടെ സഞ്ചരിക്കണം. തണ്ണിത്തോട് പഞ്ചായത്തിലെ ഒരുവാർഡ് ഉൾപ്പെടുന്ന മണ്ണീറയിൽ 500 ഓളം കുടുബങ്ങളാണ് താമസിക്കുന്നത്.

1950 മുതലാണ് മണ്ണീറയിലേക്ക് ജനങ്ങൾ കുടിയേറ്റം ആരംഭിച്ചത്. കാർഷികവൃദ്ധി പ്രധാന തൊഴിലാക്കിയ നിരവധി കുടുബങ്ങളാണ് പ്രദേശത്തുള്ളത്. യാത്ര സൗകര്യങ്ങൾ ഇല്ലാത്തത് ഇവിടുത്തെ എൽ.പി.സ്‌കൂളിലെ ജീവനക്കാരെയും ഗവ.ഹോമിയോ ഡിസ്‌പെൻസറിയിലെ ജീവനക്കാരെയും വലയ്ക്കുന്നു. മുണ്ടോമൂഴിയിലേക്കുള്ള യാത്രയ്ക്ക് നാട്ടുകാർ ഓട്ടോറിക്ഷകളെയും ഇരുചക്രവാഹനങ്ങളെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. മണ്ണീറയിൽ നിന്ന് നാല് കിലോമീറ്ററുകൾ നടന്ന് മുണ്ടോ മൂഴിയിലെത്തി പത്തനംതിട്ടയിലെയും കോന്നിയിലെയും സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർത്ഥികൾ കൊവിഡ് വ്യാപനത്തിന് മുൻപ് ഇവിടെ പതിവ് കാഴ്ചയായിരുന്നു.

--------------

കോന്നിയിൽ നിന്ന് മുണ്ടോമൂഴി വഴി കരുമാൻതോടിനും തണ്ണിത്തോടിനും സർവീസ് നടത്തുന്ന നിരവധി ബസുകളുണ്ട്. രാവിലെയും വൈകിട്ടുമെങ്കിലും ഒരോ ട്രിപ്പുകൾ മണ്ണീറയിലെത്തി പോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

-മണ്ണീറയിൽ 500 കുടുംബങ്ങൾ