അടൂർ : കേന്ദ്രീയ വിദ്യാലയത്തിലെ എട്ടം ക്ളാസ് മുതലുള്ള രണ്ട് ഷിഫ്റ്റുകളിലെ ഒാരോ ബാച്ചുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിൽ വ്യാപക പ്രതിഷേധം . എട്ടാംക്ളാസിലേക്ക് രാവിലെയും ഉച്ചയ്ക്കുമുള്ള രണ്ട് ഷിഫ്റ്റുകളിൽ മൂന്ന് ഡിവിഷനുകളിലേക്ക് വീതം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നത് രണ്ട് ഡിവിഷനുകളിലേക്ക് മാത്രമായി ചുരുക്കിയാണ് കഴിഞ്ഞ ദിവസം ഉത്തരവ് ലഭിച്ചത്. എൺപത് കുട്ടികൾക്കുള്ള അവസരമാണ് ഇതുമൂലം നിഷേധിക്കപ്പെട്ടത്. രണ്ട് അദ്ധ്യാപക തസ്തികളിലുംകുറവുണ്ടായി. ഇത് സംബന്ധിച്ച് ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

--------------------

കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഡിവിഷൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രക്യാബിനറ്റ് മന്ത്രിക്ക് പരാതി നൽകി. തന്നോടോ, പ്രിൻസിപ്പൽ ഉൾപ്പടെയുള്ളവരോടോ അഭിപ്രായം തേടാതെ ഏകപക്ഷീയമായാണ് ഉത്തരവിറക്കിയത്. ഇത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

ആന്റോ ആന്റണി എം. പി.

--------------------

സാധാരണക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ളർക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ച ചെറിയ ഫീസ് ഘടനയിൽ പഠിക്കാനുള്ള അവസരം നിഷേധിക്കുന്നത് തികച്ചും അപലപനീയമാണ്. നിറുത്തലാക്കിയ ഡിവിഷനുകൾ പുനരാരംഭിക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണം.

എ. പി. ജയൻ

സി. പി. ഐ ജില്ലാ സെക്രട്ടറി.

----------------

അടൂർ കേന്ദ്രീയ വിദ്യാലയത്തിന്റെ വളർച്ചയിൽ എം. പി യുടെ അസാന്നിദ്ധ്യം നിഴലിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ കണ്ടത്. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സ്ഥിതിയിൽ നിന്ന് കേന്ദ്രീയ വിദ്യാലയത്തിന് ഒരുമാറ്റവുമില്ല. ഷിഫ്റ്റ് സമ്പ്രദായം മാറ്റേണ്ട കാലം അധികരിച്ചു. ഇക്കാര്യങ്ങളിലൊന്നും എം. പി ശ്രദ്ധിക്കുന്നില്ല.

പി. ബി. ഹർഷകുമാർ

സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം.