പന്തളം: കേരളാ ബാങ്ക് പന്തളം ശാഖാ മാനേജർ കെ.സുശീലയെ പന്തളം നഗരസഭ അനുമോദിച്ചു. ജീവനക്കാരുടെ വാട്സ്ആപ് കൂട്ടായ്മയിലൂടെ ധനം സമാഹരിച്ച് ബാങ്ക് ബാദ്ധ്യത അടച്ചു തീർത്ത് നിർന്ധന കുടുംബത്തെ സഹായിച്ചതിനാണ് സുശീലയെ അനുമോദിച്ചത്. നഗരസഭാ ഹാളിൽ ഉപാദ്ധ്യക്ഷ യു.രമ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്ത് കെ.സുശീലയെ പൊന്നാടയണിയിച്ചു. വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അച്ചൻകുഞ്ഞു ജോൺ സ്മരണിക നല്കി.വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബെന്നി മാത്യു, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.സീന, പ്രതിപക്ഷ നേതാവ് ലസിത ടീച്ചർ, യു.ഡി.എഫ് കക്ഷി നേതാവ് പന്തളം മഹേഷ്, കൗൺസിലർമാർ, പന്തളം പ്രസ് ക്ലബ് സെക്രട്ടറി എ.ഷാനവാസ് ഖാൻ, നഗരസഭ എസ്റ്റാബ്ലിഷ്‌മെന്റ് സീനിയർ ക്ലർക്ക് സന്തോഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പന്തളം തോന്നല്ലൂർ ഇളശേരിൽ രാജമ്മ ജില്ലാ സഹകരണ ബാങ്ക് പന്തളം ശാഖയിൽനിന്നും 2008 ലാണ് വീടുപണിയ്ക്കായി ഒരുലക്ഷം രൂപാ വായ്പയെടുത്തത്. കൂലിവേല ചെയ്ത് കുറെയേറെ പലിശ അടച്ചെങ്കിലും വായ്പ അടച്ചു തീർക്കാനായില്ല. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ മാനേജർ സഹ പ്രവർത്തകരുടെ വാട്സ് ആപ് കൂട്ടായ്മയിലൂടെ പണം സമാഹരിച്ച് വായ്പ തിരിച്ചടച്ചു പ്രമാണം മടക്കി നല്കുകയായിരുന്നു.