മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിൽ നിലനിന്ന അനിശ്ചിത്വം മാറി, മൂന്നാം തവണയിലും തിരഞ്ഞെടുപ്പിലൂടെ വിജയിച്ച പ്രസിഡന്റും വൈസ് പ്രസിഡന്റും ചുമതലയേറ്റു. പ്രസിഡന്റായി എൽ.ഡി.എഫിലെ ബിനു ജോസഫും, വൈസ് പ്രസിഡന്റായി ജമീലാ ബീവിയുമാണ് ജയിച്ചത്. ഇരുവരും സി.പി.എം പ്രതിനിധികളാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 അംഗ ഭരണസമിതിയിലേക്ക് ബി.ജെ.പി.-5, സി.പി.എം.-4, സി.പി.ഐ, കോൺഗ്രസ്, കേരള കോൺഗ്രസ് എം.ജോസഫ്, എസ്.ഡി.പി.ഐ. എന്നിവയ്ക്ക് ഓരോന്നു വീതവും അംഗങ്ങളാണ് വിജയികളായത്. കേവലഭൂരിപക്ഷമില്ലാത്തതിനാൽ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് ഡിസംബർ 30നും, ഫെബ്രുവരി 15നും നടന്ന തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. എന്നാൽ എസ്.ഡി.പി.ഐയുടെ പിന്തുണയോടെ ഭരിക്കേണ്ടതില്ലെന്ന എൽ.ഡി.എഫിന്റെ നയപരമായ തീരുമാനത്തെ തുടർന്ന് വിജയിയായി പ്രഖ്യാപിച്ച ഉടനെ രണ്ടുതവണയും പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെയ്ക്കുകയായിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ് നാളിതുവരെയും ചുമതല വഹിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് വരണാധികാരിയായ മല്ലപ്പള്ളി സബ് റെജിസ്റ്റ്രാർ ജഗദീഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ നിന്ന് പതിവുപോലെ യു.ഡി.എഫ് വിട്ടുനിന്നു. എസ്.ഡി.പി.ഐ പിന്തുണയോടെ എൽ.ഡി.എഫ് വിജയിച്ചതായി പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥിയായ ബിനു ജോസഫിനെ ബി.ജെ.പി.യിലെ ദീപ്തി ദാമോദരനും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എം.എ. ജമീലാ ബീവിയെ ബി.ജെ.പി.യിലെ സി.ആർ.വിജയമ്മയാണ് നേരിട്ടത്. ഒരുവോട്ടിന്റെ ഭൂരിപക്ഷമാണ് ഇരുവർക്കുമുള്ളത്. ബിനു ജോസഫ് മുൻപ് പഞ്ചായത്ത് പ്രസിഡന്റും, ജമീലാ ബീവി നിരവധി തവണ പഞ്ചായത്ത് അംഗവുമായിട്ടുള്ളവരാണ്.

തൃശൂർ ജില്ലയിലെ ആവിണിശേരി പഞ്ചായത്ത് ഭരണം കോടതിവിധിയിലൂടെ ബി.ജെ.പി.ക്ക് അനുകൂലമായത് കോട്ടാങ്ങലിൽ ആവർത്തിക്കാതിരിക്കാനാണ് എസ്.ഡി.പി.ഐ പിന്തുണ അംഗീകരിച്ച് എൽ.ഡി.എഫ് ചുമതലയേറ്റത്. ആവിണിശേരി പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി.യെ ഭരണത്തിൽ എത്തിക്കാതിരിക്കാൻ എൽ.ഡി.എഫിന് യു.ഡി.എഫ് പിന്തുണ നൽകിയിരുന്നു. യു.ഡി.എഫ് പിന്തുണ നിഷേധിച്ച എൽ.ഡി.ഫ് പ്രസിഡന്റ് രാജിവെച്ചത് പ്രതിസന്ധിസൃഷ്ടിച്ചതിനെ ചോദ്യംചെയത് ഹൈക്കോടതിയെ സമീപച്ചതിനെ തുടർന്ന് കോടതി ബി.ജെ.പി. പ്രതിനിധിയെ പഞ്ചായത്ത് പ്രസിഡന്റായി പ്രഖ്യാപിച്ചു. ഇതേ സാഹചര്യം ഒഴിവാക്കാനാണ് ആവണിശേരി മോഡൽ കോട്ടാങ്ങലിൽ ആവർത്തിച്ചത്. സി.പി.എം.നേതൃത്വം ആവശ്യപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കും.

(ബിനു ജോസഫ്)