പത്തനംതിട്ട: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ദുരന്തനിവാരണ വകുപ്പ് ഏർപ്പെടുത്തി. പ്രോട്ടോക്കോൾ പാലിക്കാത്ത എല്ലാ ഷോപ്പുകളും സംരംഭങ്ങളും മാർക്കറ്റുകളും കുറഞ്ഞത് രണ്ട് ദിവസത്തേക്ക് അടപ്പിക്കും. സെക്ടറൽ മജിസ്‌ട്രേറ്റുമാരും പൊലീസും ഇത് ഉറപ്പ് വരുത്തണം. കാെവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ തീവ്രത അനുസരിച്ച് അടച്ചിടലിന്റെ കാലാവധി തീരുമാനിക്കും.
ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനം ഓൺലൈൻ മുഖേന മാത്രമേ നടത്താവൂ.
സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന എല്ലാ മീറ്റിംഗുകളും പരിശീലന പരിപാടികളും മറ്റ് പരിപാടികളും ഓൺലൈനായി മാത്രമേ നടത്താൻ പാടുളളൂ. എല്ലാ ആരാധനാലയങ്ങളും ജനങ്ങളുടെ പങ്കാളിത്തം പരമാവധി കുറച്ച് പ്രവർത്തിക്കണം. ഏറ്റവും അവശ്യം വേണ്ട കാർമ്മികൻമാരും നടത്തിപ്പുകാരും മാത്രമേ പാടുളളു. ആരാധനകളും ആഘോഷങ്ങളും ഓൺലൈൻ ആക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്. ഏപ്രിൽ 20നും 21നും കൊവിഡ് പ്രോട്ടോക്കോൾ എൻഫോഴ്‌സ്‌മെന്റ് കാമ്പയിൻ നടത്തും.
രാത്രികാല കർഫ്യു ആരംഭിച്ചു
രാത്രിയിൽ അനാവശ്യമായ കൂടിച്ചേരലുകൾ അനുവദിക്കുന്നതല്ല. അവശ്യ സർവീസുകളായ മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, പെട്രോൾ/ഡീസൽ പമ്പുകൾ, നൈറ്റ് ഷിഫ്റ്റ് ജോലിക്കാർ, പാൽ, ന്യൂസ് പേപ്പർ, മാദ്ധ്യമങ്ങൾ, ചരക്ക് ഗതാഗതം, പൊതുഗതാഗതം എന്നിവയെ രാത്രി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
റസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. രാത്രി ഒൻപതിനു ശേഷമുളള ഹോം ഡെലിവെറി അനുവദനീയമല്ല.
മാളുകളും സിനിമ തീയറ്ററുകളും രാത്രി 7.30 ന് അടയ്ക്കുന്ന വിധം ക്രമീകരിക്കണം.
കൂടുതൽ സി.എഫ്.എൽ.ടി.സികൾ
പത്തനംതിട്ട : കൊവിഡ് രോഗികളുടെ ദിവസത്തിലെ എണ്ണം അഞ്ഞൂറിലേക്കെത്തുമ്പോൾ സി.എഫ്.എൽ.ടി.സികളുടെ എണ്ണവും കൂട്ടുന്നുണ്ട്. കൊവിഡ് കുറഞ്ഞപ്പോൾ അടച്ച കേന്ദ്രങ്ങളിൽ പലതും വീണ്ടും തുറന്നു. നിലവിൽ ആറ് സി.എഫ്.എൽ.ടി.സികൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. രാവിലെ തന്നെ കൊവിഡ് രോഗികളെ സി.എഫ്.എൽ.ടി.സികളിലേക്ക് മാറ്റാനുള്ള നിർദേശം നൽകും. അതിനാൽ ആംബുലൻസുകൾ രാവിലെ തന്നെ പണി തുടങ്ങും.
ജില്ലയിലെ സി.എഫ്.എൽ.ടി.സികൾ
1.റാന്നി മേനാംതോട്ടം
2.പന്തളം അർച്ചന
3.മുസലിയാർ പത്തനംതിട്ട
4.പെരുനാട് കാർമ്മൽ
5.പത്തനംതിട്ട ജിയോ
6. പന്തളം തെക്കേക്കര
വാക്സിൻ കുറഞ്ഞു
ദിവസവും പതിനാറായിരം വാക്സിൻ നൽകിയിരുന്ന ജില്ലയിൽ 5000 മുതൽ എണ്ണായിരം വരെ വാക്സിൻ ആണ് ഇപ്പോൾ നൽകുന്നത്.
എസ്.പിയുടെ മിന്നൽ പരിശോധന,
നിരീക്ഷണത്തിന് 92 ടീമുകൾ
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി നേരിട്ടു പരിശോധന നടത്തി. പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ്, മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജില്ലാ പൊലീസ് മേധാവി മിന്നൽ പരിശോധന നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ ജില്ലയിൽ പാലിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്നതിന് നാനൂറിൽ അധികം പൊലീസുകാരെ 92 ടീമുകളായി തിരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. ജനങ്ങൾ കൃത്യമായി മാസ്‌കുകൾ ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഇവർ ഉറപ്പു വരുത്തും. ഇതിനൊപ്പം മാസ്‌ക് ധരിക്കുന്നതിന്റെയും, സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകാനും നിർദേശമുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് അനൗൺസ്‌മെന്റ് വാഹനങ്ങളും, ക്വാറന്റൈനിൽ ഇരിക്കുന്നവർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജനമൈത്രി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളും. കണ്ടെയ്ൻമെന്റ് സോണുകളിലും, ആളുകൾ കൂട്ടംകൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന ശക്തമാക്കും.
ആർ. നിശാന്തിനി ,
ജില്ലാ പൊലീസ് മേധാവി