police

പത്തനംതിട്ട :കഴിഞ്ഞ ദിവസം കാണാതായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫീസർ അരുൺദേവിനെ (27) ഇന്നലെ കോന്നി ആവോലിക്കുഴിയിൽ കണ്ടെത്തി. പത്തനംതിട്ട സി.എെ.അനീഷ് ലാലിന്റെ നേതൃത്വത്തിൽ അഞ്ചംഗ ടീം അന്വേഷണം നടത്തി വരുകയായിരുന്നു.

18ന് രാത്രി മുതലാണ് അരുൺദേവിനെ കാണാതായത്. സുഹൃത്തിന്റെ ഭാര്യയുടെ സ്കൂട്ടറിലാണ് പോയത്. അരുൺദേവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഒാഫായിരുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വഴിയാണ് അരുൺ പോയതെന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വ്യക്തമായി. പിന്നീടാണ് ഫോൺ സ്വിച്ച് ഒാഫായത്.

പൂങ്കാവിൽ വാടകക്ക് താമസിച്ചിരുന്ന അരുണിന് സാമ്പത്തിക ബുദ്ധിമുണ്ടായിരുന്നതായും സുഹൃത്തുക്കളോട് പണം കടം വാങ്ങിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പൊലീസിലായിരുന്ന പിതാവ് മരിച്ച ഒഴിവിലാണ് അരുണിന് ജോലി ലഭിച്ചത്. കോന്നിയിൽ പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന അരുൺ പൂങ്കാവിൽ വാ‌ടക വീട്ടിലേക്ക് മാറുകയായിരുന്നു. സ്വന്തം ബൈക്ക് പൂങ്കാവിലെ സുഹൃത്തിന്റെ വീട്ടിൽ വച്ചിട്ടാണ് സ്കൂട്ടറിൽ പോയത്. എസ്.െഎ സഞ്ജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരുണിനെ കണ്ടെത്തിയത്.