disease
നെൽകൃഷിക്ക് കുഴൽരോഗം ബാധിച്ച വളവനാരി പാടം

തിരുവല്ല: വേനൽ മഴയ്ക്ക് പിന്നാലെ അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷിക്ക് കുഴൽ രോഗവും ഭീഷണിയാകുന്നു. പെരിങ്ങര പഞ്ചായത്തിലെ വളവനാരി, കൂരച്ചാൽ എന്നീ പാടശേഖരങ്ങളിലാണ് നെൽച്ചെടിയെ കാര്യമായി ബാധിക്കുന്ന കുഴൽ രോഗം ഭീഷണിയാകുന്നത്. കതിരിന്റെ സ്ഥാനത്ത് കുഴൽ പോലെ വന്നിട്ട് കതിര് ഉണങ്ങിപ്പോകുന്നതാണ് കുഴൽ രോഗബാധ. രോഗബാധ മൂലം കൊയ്ത്തിന് പാകമായ നെൽച്ചെടികൾ ഉണങ്ങിക്കരിഞ്ഞ നിലയിലാണ്. മങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച പാടശേഖങ്ങളിലെത്തി പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം മരുന്ന് തളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഉണങ്ങി നിൽക്കുന്ന നെല്ല് മില്ലുകാർ ഏറ്റെടുക്കാനുള്ള സാദ്ധ്യതയും കുറവാണ്. ഇങ്ങനെ വന്നാൽ കർഷകർക്ക് വൻ കടക്കെണിയിലാകാനാണ് സാദ്ധ്യതയെന്ന് അപ്പർ കുട്ടനാട് നെൽക്കർഷക സമിതി പ്രസിഡന്റ് സാം ഈപ്പൻ പറഞ്ഞു.