അടൂർ : ജനങ്ങൾ ഒത്തുചേരുന്ന മേഖലകളിലെല്ലാം കൊവിഡ് ബോധവത്കരണവുമായി പൊലീസ് രംഗത്തിറങ്ങി. ഇന്നലെയും ഇന്നുമായി അടൂർ സബ്ഡിവിഷനിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയും ജി. ഡി, പാറാവ്, റൈട്ടർമാർ എന്നവിരൊഴികെ മുഴുവൻ പൊലീസുകാരേയും നിരത്തുകളിൽ വിന്യസിച്ച് കൊവിഡ് പ്രോട്ടോക്കാൾ പരിശോധന ശക്തമാക്കി. രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് കർശന പരിശോധന. ഡിവൈ. എസ്. പി ബി. വിനോദിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തനം. മൂന്നും നാലും പേരുള്ള പ്രത്യേക സ്ക്വാഡുകൾക്ക് രൂപം നൽകി പരിശോധന നടത്തി.. സബ് ഡിവിഷൻ പരിധിയിലെ സ്റ്റേഷനുകളിലെ നൂറിൽപ്പരം പൊലീസുകാരെയാണ് കോവിഡ് പ്രതിരോധ ഡ്യൂട്ടിക്കായി മാത്രം വിന്യസിച്ചിരിക്കുന്നത്. കണ്ടൈൻമെന്റ് സോണുകളിലും സബ്ഡിവിഷൻ പരിധിയിലെ ജനങ്ങൾ കൂട്ടം കൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തും. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡിവൈ. എസ്. പി ബി. വിനോദ് അറിയിച്ചു.