മല്ലപ്പള്ളി :കുന്നന്താനം മുക്കൂർ ഇടക്കോടിയിൽ ആൾത്താമസമില്ലാത്ത വീടും സമീപത്തുള്ള സംഭരണമുറിയും കുത്തിത്തുറന്ന് മലഞ്ചരക്കുകൾ മോഷ്ടിച്ചു. കയ്യാലാത്ത് അട്ടാറമാവുങ്കൽ ലീലാ ചാണ്ടിയുടെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. വിദേശത്തുള്ള വീട്ടുകാർ സമീപവാസിയായ ഒരാളെ റബർ വെട്ടുന്നതിനും നോട്ടത്തിനായും ഏൽപ്പിച്ചിരുന്നു. ഇദ്ദേഹം രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 50 കിലോയോളം കുരുമുളകും വീടിനടുത്തുള്ള സ്‌റ്റോർമുറിയിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം റബർ ഒട്ടുപാലും മോഷണംപോയി. വീട് മുഴുവൻ അരിച്ചുപെറുക്കിയ മോഷ്ടാക്കൾ മേശയും അലമാരികളും തകർത്തു. കീഴ്വായ്പ്പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു.