മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിനും അടിയന്തര തുടർനടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി പഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, റവന്യൂ, പൊലീസ് അധികാരികൾ, കുടുംബശ്രീ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരുടെ അടിയന്തരയോഗം മല്ലപ്പള്ളി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ കൂടി.
പ്രധാന തീരുമാനങ്ങൾ
-പഞ്ചായത്തിലെ പൊതുചന്തയുടെ പ്രവർത്തനം 30 വരെ നിറുത്തിവയ്ക്കുന്നതിന് തീരുമാനിച്ചു.
(അടുത്ത 3ചന്തകൾ ഉണ്ടായിരിക്കുന്നതല്ല ).
-പഞ്ചായത്തുതലത്തിൽ രണ്ട് വാക്‌സിനേഷൻ ക്യാമ്പുകൾ സജ്ജീകരിക്കും
-മൊബൈൽ ടെസ്റ്റ്(ആർ.ടി.വി പരിശോധന) സംവിധാനം ഒരുക്കും
-വാർഡുതല ജാഗ്രതാ സമിതികളുടെ അടിയന്തിര യോഗം ചേർന്ന് പ്രവർത്തനം കാര്യക്ഷമമാക്കും
-ഹോട്ടലുകളിൽ പാഴ്‌സൽ സംവിധാനം പ്രോത്സാഹിപ്പിക്കും
-----------------------
കണ്ടെൻമെന്റ് സോണുകളിൽ ജാഗ്രതാ മുന്നറിയിപ്പ്
പഞ്ചായത്ത് തലത്തിൽ ആവശ്യമായ മൈക്ക് അനൗൺസ്‌മെന്റ് നടത്തിയും, നോട്ടീസ് വിതരണം നടത്തിയും ജാഗ്രതാ മുന്നറിയിപ്പ് നൽകും. കണ്ടെൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ഇതിനായി പൊലീസ് അധികാരികളുടെ സേവനം ഉപയോഗിക്കുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്തും. ഇവരുടെ വാക്‌സിനേഷനും, കൊവിഡ് ടെസ്റ്റും അടിയന്തരമായി നടത്തും. പഞ്ചായത്ത് തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്‌ക്വാഡ് രൂപീകരിക്കും. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഡേവിഡ്, ബിന്ദു മേരി തോമസ്, അഡ്വ.സാം പട്ടേരിൽ, ഗീതു ജി.നായർ, മെമ്പർമാരായ വിദ്യാമോൾ എസ്,പ്രകാശ്കുമാർ വടക്കേമുറി, ബിജു നനാൻ, റോസമ്മ ഏബ്രഹാം, സരേഷ്‌കുമാർ, ഷാന്റി ജേക്കബ്,മനീഷ് കൃഷ്ണൻകുട്ടി,ജോൺ തോമസ് പണിക്കമുറി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിദ്യാധരൻ നായർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സിനീഷ് പി.ജോയ്, ഡോ.രശ്മി എ.ആർ, ഡോ.അൻസാ എസ്.മാത്യു, കെ.സദാശിവൻ (എ.എസ്.ഐ കീഴ് വായ്പൂര്), വില്ലേജ് ഓഫീസർ രശ്മി.ജി, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് . ഇ.ഡി തോമസ്‌കുട്ടി, സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു മനോജ് എന്നിവർ സംസാരിച്ചു.