പത്തനംതിട്ട: ബൈക്കിലെത്തിയ രണ്ടംഗസംഘം സ്ത്രീകളെ ആക്രമിച്ച് മാല കവർന്നു. ടികെ റോഡിൽ വാര്യാപുരത്തും മെഴുവേലി കിടങ്ങന്നൂർ റോഡിൽ കോങ്കുളഞ്ഞി ജംഗ്ഷന് സമീപവുമാണ് പൾസർ ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ച രണ്ടുപേർ മോഷണം നടത്തിയത്. വാര്യാപുരം കൊല്ലൻപടിയിൽ നെടുവേലിമുരപ്പ് സ്വദേശിനി ബിജി (22)യുടെ രണ്ടരപ്പവന്റെ മാലയും കോങ്കുളഞ്ഞി തടത്തിൽ വടക്കേതിൽ ദിലീപിന്റെ ഭാര്യ പ്രഭ (50)യുടെ മാലയുടെ കൊളുത്തും താലിയുമാണ് കവർന്നത്. ഇന്നലെ രാവിലെ 9.30 നും പത്തിനും ഇടയ്ക്കാണ് രണ്ടു സംഭവവും നടന്നത്. വാര്യാപുരത്ത് ഡ്രൈവിംഗ് സ്‌കൂളിലേക്ക് പോയതായിരുന്നു ബിജി. ബൈക്കിലെത്തിയവർ ഇവരുടെ മാലയിൽ പിടിത്തമിട്ടു. പിടിവലിയ്ക്കിടെ ബിജി റോഡിൽ വീണതോടെ മാലയുമായി മോഷ്ടാക്കൾ കടന്നു. ഇവർ ഇലന്തൂരിൽ നിന്ന് കുഴിക്കാല കിടങ്ങന്നൂർ റൂട്ടിലാണ് പോയതെന്ന് പറയുന്നു. സിസിടിവിയിൽ പതിയുന്നത് ഒഴിവാക്കാൻ കുഴിക്കാല ജംഗ്ഷനിൽ നിന്ന് ഊടുവഴികളിലാണ് സഞ്ചരിച്ചതെന്നു കരുതുന്നു.
പത്തോടെയാണ് കോങ്കുളഞ്ഞി ജംഗ്ഷനിൽ പ്രഭയുടെ മാല അപഹരിച്ചത്. റോഡരികിൽ തന്നെയുള്ള വീട്ടിലേക്ക് പ്രഭ നടന്നു വരുമ്പോഴാണ് ബൈക്കിന് പിന്നിലിരുന്നയാൾ ഇവരുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. പിടിവലിക്കിടെ മാലയുടെ കൊളുത്തും ലോക്കറ്റും താലിയും മോഷ്ടാക്കളുടെ കൈയിലായി. പ്രഭ നിലവിളിക്കുന്നത് കേട്ട് മോഷ്ടാക്കൾ പോകാൻ ശ്രമിക്കുന്നതിടെ അൽപം മുന്നിലായി ചെന്ന് മറിഞ്ഞുവീണു. ഇവി
ടെ നിന്ന് എഴുന്നേറ്ര് സ്ഥലം വിടുകയായിരുന്നു. ഇവർ വീണ സ്ഥലത്ത് നിന്ന് മാലയുടെ ലോക്കറ്റ് ലഭിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.