പത്തനംതിട്ട: ശബരിമല പാതയിൽ പ്ളാപ്പളളി ആദിവാസി മേഖലകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആദിവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇവർ കുടിക്കുന്നത് ഒാലികളിലെ മലിനജലമാണ്.
പ്ളാപ്പള്ളിക്ക് അടുത്ത് സ്ഥാപിച്ച കുടിവെള്ള പൈപ്പുലൈനുകൾ വെള്ളം എത്തിക്കുന്നത് ആദിവാസികളല്ലാത്ത ളാഹയിൽ സ്ഥിര താമസമാക്കിയവർക്കാണ്. വെള്ളം പമ്പുചെയ്യുന്ന കുളത്തിലേക്കും ആദിവാസികൾക്ക് പ്രവേശനമില്ല. ളാഹയിലെ ആദിവാസി കോളനികളിൽ 18 കുടുംബങ്ങളുണ്ട്. കുടിലുകൾക്ക് സമീപത്ത് ഒാലികൾ ഇല്ലാത്തവർ വെള്ളം വില കൊടുത്തുവാങ്ങുന്നു. 150 രൂപയ്ക്ക് 250ലിറ്റർ വെള്ളം വിലയ്ക്ക് വാങ്ങുന്നുണ്ടെന്ന് ആദിവസിയായ രവീന്ദ്രൻ പറയുന്നു. ഉൾക്കാട്ടിൽ നിന്ന് തേനും കുന്തിരിക്കവും ശേഖരിച്ചു കൊണ്ടുവന്ന് വിറ്റുകിട്ടുന്ന തുക കുടിവെള്ളത്തിന് ചെലവാക്കുകയാണ്. ഒരുതവണ വാങ്ങുന്ന വെള്ളം മൂന്നുംനാലും ദിവസം ഉപയോഗിക്കും.
വേനൽക്കാലമായതോടെ ഒാലിയിലെ വെള്ളം വറ്റിത്തുടങ്ങി. അടുത്തിടെ മഴ പെയ്തപ്പോൾ കരിയിലകളും മറ്റും ഒഴുകിയെത്തി വെള്ളം മലിനമായി. വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ പിണ്ഡമിടുന്നത് മഴയത്ത് ഒാലികളിലേക്ക് ഒഴുകുകയാണ്. കുട്ടികൾ അടക്കമുള്ളവർ ഇൗ വെള്ളമാണ് കുടിക്കാനും മറ്റും ഉപയോഗിക്കുന്നത്.