മല്ലപ്പള്ളി: ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളുള്ളതും അതിവ്യാപന മേഖലയുമായ മല്ലപ്പള്ളിയിൽ പൊലീസ് നിയന്ത്രണം കടുപ്പിച്ചു. പൊതുനിരത്തുകളിൽ അനാവശ്യമായി കറങ്ങുന്നവരെ കണ്ടെത്തുവാനും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചുമാണ് പൊലീസ് ജനങ്ങൾക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കടകളിലും മറ്റും നേരിട്ടെത്തി നിർദ്ദേശങ്ങൾ നൽകി. ടൗണിൽ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടിക്കടി വാഹനപരിശോധനകൾ നടത്തുന്നു. ടൗൺ ഉൾപ്പെടുന്ന മൂന്നാം വാർഡിൽ താമസക്കാരായവർക്കും വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരും അവരുടെ ജീവനക്കാർക്കും പലയിടത്തും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കടുത്ത ജാഗ്രത വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇൻ-ചാർജ്ജ് വൈസ് പ്രസിഡന്റ് സജി ഡേവിഡ് പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കി വരികയാണെന്നും മൈക്കിലൂടെ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.